കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിച്ചത് നാല് പേർക്ക് മാത്രം. ജില്ലയിൽ ഇതുവരെ 44 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 40 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സമ്പർക്കത്തിലേർപ്പെട്ട് വൈറസ് ബാധിച്ച നാലുപേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് കാസർഗോഡ് ഡിഎംഒ അറിയിച്ചു. എന്നാൽ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Also Read: ചെറുപ്പക്കാർക്ക് കോവിഡ് പ്രതിരോധ ശേഷി ഇല്ലെന്ന് ലോകാരോഗ്യ സംഘടന

രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിനു ആശ്വാസ ദിനമായിരുന്നു ഇന്നലെ. ഒൻപത് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 23 ന് സംസ്ഥാനത്ത് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചത് ഒൻപതിലേക്ക് ചുരുങ്ങിയത് ആശ്വാസ വാർത്തയാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗബാധിരുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

കാസർഗോഡ് സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ഇന്നലെ ലഭിച്ച കൂടുതൽ രക്തസാംപിൾ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ഇത് കാസർഗോഡ് ജില്ലയ്‌ക്കും ആശ്വാസം പകരുന്നു. മാത്രമല്ല, വിദേശത്തു നിന്നു കേരളത്തിലെത്തിയവരാണ് കോവിഡ് ബാധിതരിൽ കൂടുതലും. പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്.

Also Read: Covid-19: കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രോട്ടീന്‍

കേരളത്തിൽ ഇതുവരെ 12 പേർ രോഗമുക്തരായെന്നാണ് ആശ്വാസകരമായ മറ്റൊരു കണക്ക്. ഇതിൽ ആദ്യ ഘട്ടത്തിൽ രോഗം ഭേദമായ മൂന്ന് പേരും ഉൾപ്പെടും. ആറുപേരാണ് ഇതുവരെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.