കൊച്ചി: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More: കൊറോണ വൈറസ്: ചൈനയിൽ 41 മരണം, ലോകത്താകമാനം 1,300ൽ അധികം രോഗബാധിതർ

“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ള​നാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസി‌എം‌ആർ-എൻ‌ഐ‌വി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.

ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook