കാസർഗോഡ്: കേരളത്തിൽ ഏറ്റവും അധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിൽ ഇന്ന് 17 രോഗികൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. കേരളത്തിലെ കോവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ ഉള്ളവരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.
കോവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികൾക്കുമാണ് കൊവിഡ് ഭേദമായത്
കാസര്‍ഗോഡ് ഇതുവരെ 161 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. വ്യാഴാഴ്ച പുതിയ നാലു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും പേർ രോഗം ഭേദമായി ആശുപത്രി വിട്ടത്.
Read More: ‘സിസ്റ്ററെ താങ്ക്സ് ഫോർ എവരിതിങ്’; കോവിഡ് മാറി ആഘോഷത്തോടെ വീട്ടിലേക്ക്
സംസ്ഥാനത്തെ കോവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയായ കളനാട് സ്വദേശിയുടെ സാംപിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. രോഗം ഭേദമായതോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എട്ട് കാസർഗോഡ് സ്വദേശികളും ഇന്ന് ആശുപത്രി വിട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കോവിഡ് ബാധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറു പേരും ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർ ആശുപത്രി വിട്ടത്.
വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥി അടക്കം ഏഴുപേർക്ക് നേരത്തെ രോഗം ഭേദമായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഇവർ രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ തുടരണം. ഇതോടെ ജില്ലയിൽ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.
കോവിഡ്-19 ബാധിച്ച തളങ്കര സ്വദേശി 15 ദിവസം കൊണ്ട് സുഖപ്പെട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഡിസ്ചാർജ് ആയി അദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നത് ആശുപത്രി അധികൃതരും നാട്ടുകാരുമെല്ലാം ആഘോഷിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. ഒരു യുദ്ധം ജയിച്ചു വരുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു ആ യുവാവ് ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു വന്നത്. “അപ്പോ സിസ്റ്ററെ, താങ്ക്സ് ഫോർ എവരിതിങ്,” എന്ന പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആശുപത്രി വിട്ടത്.