ന്യൂഡൽഹി: ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിലെ കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് സുപ്രീം കോടതി അഭിനന്ദിച്ചത്. കൊറോണ കാലത്ത് നിരവധി കുട്ടികൾക്കാണ് സർക്കാർ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാൽ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ചു നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

Also Read: അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിലെത്തിച്ചു തുടങ്ങി; ഇന്റർനെറ്റ് ബാൻഡ്‌ വിഡ്‌ത്ത് വർധിപ്പിക്കാൻ ധാരണയായി

മൂന്ന് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്.

ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നത്. കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് സുപ്രീം കോടതി ചോദിച്ചു.

കോവിഡ്-19 രോഗ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കഴിഞ്ഞ ദിവസം സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രശംസ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.