തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡൗൺ കഴിയുന്നതുവരെ കാസർഗോഡ് ഒഴികെയുളള ജില്ലകളിൽ കടകൾ തുറക്കുക രാവിലെ 7 മുതൽ വൈകീട്ട് 5 വരെയായിരിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. കാസർഗോഡ് ജില്ലയിൽ മാത്രം രാവിലെ 11 മുതൽ വൈകീട്ട് 5 വരെയായിരിക്കും കടകൾ തുറക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ മാർച്ച് 31വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കടകൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. കാസർഗോഡ് ഒഴികെയുളള ജില്ലകളിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് കടകൾ തുറക്കുകയെന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

Covid-19 Live Updates: ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവിൽ; ലാത്തിവീശി പൊലീസ്, എട്ടു പേർക്കെതിരെ കേസ്

മെഡിക്കൽ ഷോപ്പുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കോവിഡിന്റെ സമൂഹവ്യാപനം തടയാനാണ് കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്ന ലോക്ക്ഡൗൺ മാർച്ച് 31 വരെ തുടരും. ബസും ട്രെയിനും ഉൾപ്പെടെ പൊതുഗതാഗതം പൂർണമായും നിലച്ചു. ഓട്ടോ, ടാക്സി എന്നിവ നിയന്ത്രണങ്ങളോടെ അനുവദിച്ചിട്ടുണ്ട്. ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും പ്രവർത്തിക്കുക. ഹോട്ടൽ, പാർക്ക്, സിനിമശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കും.

കേരളത്തിൽ ഇന്നലെ വരെ 97 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാലു പേർ രോഗമുക്തി നേടി. കാസർഗോഡ് ആണ് ഏറ്റവും കൂടുതൽ രോഗബാധിതരുളളത്. 39 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ രോഗം ഭേദമായതോടെ ആശുപത്രി വിട്ടു. സംസ്ഥാനത്താകെ 64,708 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 64,320 പേർ വീടുകളിലും 388 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.