തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വിദ്യാർഥിയുടെ ഏറ്റവും പുതിയ പരിശോധന ഫലം നെഗറ്റീവ്. രണ്ടാം പരിശോധന ഫലമാണ് നെഗറ്റീവായത്. ഈ മാസം ആറിന് അയച്ച സാമ്പിളിന്‍റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു പരിശോധന ഫലം കൂടി നെഗറ്റീവായാൽ ആശുപത്രി വിടാനാകുമെന്നും മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാവൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമാക്കാന്‍ സാധ്യമായിട്ടുണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു.

ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. കൊറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാനായതാണ് രോഗം പടരാതിരിക്കുന്നതിൽ നിർണ്ണായകമായത്.

നിലവിൽ 3144 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 45 പേരാണ് ആശുപത്രികളിലുളളത്. 330 സാമ്പിളുകളിൽ 42 പേരുടെ ഫലമാണ് കിട്ടാനുളളത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 വിദ്യാർത്ഥികളിൽ 66 പേരുടേയും ഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം കൂടി കിട്ടാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.