കോഴിക്കോട്: പ്രവാസികളുമായി ദുബായില്‍നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിലുള്ളത് 19 ഗര്‍ഭിണികള്‍. ഇവര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 85 പേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കു മാറ്റില്ല. പകരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി നല്‍കും.
അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്ന 51 പേര്, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിനു മുകളിലുള്ള ആറ് പേര്, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്ന രണ്ടു പേര് എന്നിവരും കരിപ്പൂരില്‍ രാത്രി 10.30ന് എത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ട്. ഇവരെയും വീട്ടുനിരീക്ഷണത്തില്‍ വിടും. ഇവരെ ആരോഗ്യവകുപ്പ് കര്‍ശനമായി നിരീക്ഷിക്കും. ഈ 85 പേര് ഉള്‍പ്പെടെ 177 പേരാണ് ഇന്ന് കരിപ്പൂരിലെത്തുക.
മലപ്പുറം ജില്ലക്കാരായ 85 പേരാണ് ഇന്നെത്തുന്നത്. ഇതില്‍ 23 പേരെ പ്രത്യേക നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയയ്ക്കും. 14 പേര് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായാണു വരുന്നത്. രണ്ടുപേര്‍ ഗര്‍ഭിണികളാണ്. പത്ത് വയസിനു താഴെ പ്രായമുള്ളവര്‍ മൂന്ന്. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നാലു പേര്.
കോഴിക്കോട് ജില്ലക്കാരിൽ 47 പേർക്കും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ അനുമതിയുണ്ട്. 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്, 75 വയസിന് മുകളിലുള്ള 7 പേര് എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്.
We are happy to see pregnant women who are able to fly back home with their loved ones..like Ms M S Sanila whose smile expressed more than words… @MEAIndia @MOS_MEA @IndianDiplomacy @PMOIndia #VandeBharatMission @IndembAbuDhabi pic.twitter.com/z46tCBtlqm
— India in Dubai (@cgidubai) May 7, 2020
ഒമ്പത് ജില്ലകളില്‍നിന്നുള്ള പ്രവാസികളാണു കരിപ്പൂരില്‍ വിമാനമിറങ്ങുക. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്: കാസര്‍ഗോഡ് – 4, കണ്ണൂര്‍ – 6, കോഴിക്കോട് – 70, വയനാട് – 15, മലപ്പുറം – 82, പാലക്കാട് – 8, കോട്ടയം – 1, ആലപ്പുഴ – 2, തിരുവനന്തപുരം -1.
കരിപ്പൂരില്‍ വിമാനമിറങ്ങുന്നവരെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും. ശേഷിക്കുന്നവരെ കാളികാവിലെ സഫ ഹോസ്പിറ്റലിലെ കോവിഡ് കെയര്‍ സെന്ററിലേക്കു മാറ്റും. ശുചിമുറി സൗകര്യങ്ങളുള്ള 100 പ്രത്യേക മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രവാസികളെ ആശുപത്രികളിലേക്കും കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്കു കൊണ്ടുപോകും.
ആരോഗ്യപരിശോധനയില്‍ പ്രശ്നങ്ങളില്ലാത്ത ഇതര ജില്ലക്കാരെ കെഎസ്ആര്‍ടിസി ബസുകളില്‍ അതതു ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കും. ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ള തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് ടാക്സി സംവിധാനം ഒരുക്കും.
കൊറോണ കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിരീക്ഷണത്തിനു ശേഷം ആരോഗ്യ പരിശോധന നടത്തും. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാകും ഇവര്‍ വീടുകളില്‍ കഴിയുക.
കോഴിക്കോട്ടുനിന്ന് ഉച്ചയ്ക്ക് 1.20 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്. വൈകിട്ട് നാലിനു ദുബായിലെത്തിയ വിമാനം യാത്രക്കാരുമായി അഞ്ചുമണിക്കു തിരിച്ച് രാത്രി 10.30നാണു കോഴിക്കോട്ടെത്തുക.
കൊച്ചിയില്‍നിന്നുള്ള ആദ്യവിമാനം ഉച്ചയ്ക്കു 12.30നാണു പറന്നുയര്‍ന്നത്. 3.15ന് അബുദാബിയിലെത്തിയ വിമാനം 4.15നു തിരിച്ചു. രാത്രി 9.40ന് വിമാനത്തില്‍ മലപ്പുറം ജില്ലക്കാരായ 23 പേരുണ്ട്. ഇവരില്‍ അഞ്ച് പേരെ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിനയയ്ക്കും. ശേഷിക്കുന്ന 18 പേരെ കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍ നാഷണല്‍ ഹോസ്റ്റലിലെ മുറികളില്‍ നിരീക്ഷണത്തിലാക്കും.