പത്തനംതിട്ട: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ യുവാവിനെ കണ്ടെത്തി. ഇയാളെ തിരികെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് യുവാവ് കടന്നുകളഞ്ഞത്. അതേസമയം ജില്ലയിൽ ഒരാളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടു വയസുകാരിയെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്ന് എത്തിയവരുമായി രണ്ടാം തരത്തിൽ സമ്പർക്കം പുലർത്തിയ യുവാവാണ് ഇന്നലെ രാത്രി കടന്നു കളഞ്ഞത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ കണ്ടെത്തിയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.

Also Read: സംസ്ഥാനത്ത് ആയിരത്തിലേറെ പേർ നിരീക്ഷണത്തിൽ; വേണ്ടത് അതീവ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി

അതേസമയം, സംസ്ഥാനത്തെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറൻസ് നടത്തും. ഒൻപതാം ക്ലാസുവരെയുള്ളവരുടെ പരീക്ഷകൾ മാറ്റിവയ്‌ക്കണോ എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

കേരളത്തിൽ കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് 1116 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ 270 പേർ പ്രൈമറി കോൺടാക്‌ട് ലിസിറ്റിലും 449 പേർ സെക്കൻഡറി കോൺടാക്‌ട് ലിസ്റ്റിലും നിരീക്ഷണത്തിലാണ്. കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവരാണ് പ്രെെമറി കോൺടാക്‌ട് ലിസ്റ്റിലുള്ളത്.

പത്തനംതിട്ടയിൽ അഞ്ച് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംശയമുള്ള 807 പേരുടെ രക്‌ത സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 717 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആണ്. പ്രായമായവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അതീവ ജാഗ്രതയാണ് വേണ്ടതെന്നും കെ.കെ.ശൈലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.