തിരുവനന്തപുരം: കൊറോണ വെെറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. പുതിയ കേസുകളൊന്നും കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേരത്തെ സ്ഥിരീകരിച്ച മൂന്ന് പേർക്കല്ലാതെ മറ്റാർക്കും ഇതുവരെ കൊറോണ പോസിറ്റീവ് ആയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 2421 പേരാണ് നിരീക്ഷണത്തിലുള്ളത്. 2321 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 100 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. വുഹാനിൽ നിന്നെത്തിയ ഓരോരുത്തരുടെയും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മരണം പൂർണമായി ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കെ.കെ.ശെെലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യാജ വാർത്ത പ്രചരിപ്പിച്ച ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കൊറോണ വെെറസ്: പ്രതിരോധത്തിന്റെ കേരള മോഡൽ

അതേസമയം, കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ കഴിഞ്ഞ ദിവസം പറഞ്ഞു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മൂന്ന് ജില്ലകളിലാണ് കൊറോണ കേസുകൾ ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നതെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി ജാഗ്രതയോടെയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നതെന്നും കെ.കെ.ശെെലജ വ്യക്തമാക്കി.

Read Also: പ്രദീപും ദയയും ഏറ്റുമുട്ടുമ്പോൾ; ബിഗ് ബോസിലെ പുതിയ വെളിപ്പെടുത്തലുകൾ ആർക്ക് വിനയാകും

ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook