തിരുവനന്തപുരം: ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി തുടങ്ങി. നോർക്ക മുഖേന രജിസ്റ്റർ ചെയ്തവരാണ് തിരിച്ചെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഇന്നലെ വൈകീട്ട് മുതൽ ഇലക്ട്രോണിക് പാസ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പാസിൽ എത്തേണ്ട സമയവും എവിടെയാണ് എത്തേണ്ടതെന്ന വിവരങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തരപരുത്ത് കളിയിക്കാവിളയിലെ ഇഞ്ചിവിള, കൊല്ലത്ത് ആര്യങ്കാവ്, ഇടുക്കിയിൽ കുമളി, പാലക്കാട് വാളയാർ, വയനാട്ടിൽ മുത്തങ്ങ, കാസർഗോഡിൽ മഞ്ചേശ്വരം തുടങ്ങി ആറു അതിർത്തികളിലൂടെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുളള മലയാളികൾ കേരളത്തിലേക്ക് എത്തിക്കുക. ആറു അതിർത്തികളിലും സംസ്ഥാന സർക്കാർ ഹെൽപ് ഡെസ്ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് ഡിഎംഒ നിർദേശം നൽകുന്നു. ഫൊട്ടോ: പിആർഡി

അതിർത്തികളിൽ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. വീട്ടിൽ ഇവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണങ്ങളുളളവർ അതിർത്തി ജില്ലകളിലെ സ്വദേശികളാണെങ്കിൽ ഇവരെ ജില്ലയിൽ ഒരുക്കിയിട്ടുളള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റു ജില്ലക്കാരാണെങ്കിൽ സ്‌പെഷ്യൽ ആംബുലൻസിൽ നാട്ടിലേക്ക് അയയ്ക്കും. ആംബുലൻസ് ചെലവ് ഇവർ തന്നെ വഹിക്കണം. അവിടെ എത്തിയാലുടൻ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കും. എല്ലാ അതിർത്തികളിലും ഡോക്ടർമാരുടെ സംഘവും ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരും പൊലീസും ഉണ്ട്.

ഫൊട്ടോ: പിആർഡി

വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി 73 വാഹനങ്ങള്‍ കേരളത്തിലെത്തി

വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ എട്ടു മുതൽ 11 മണി വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ഇത്രയും വാഹനങ്ങളിലായി 143 പേരാണ് യാത്ര ചെയ്തത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരാണ് ഇന്നു മുതല്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെത്തി തുടങ്ങിയത്.

lockdown, ie malayalam

ഇതര സംസ്ഥാനത്തു നിന്ന് വാളയാർ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തുന്ന വാഹനവും യാത്രാ രേഖകളും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. ഫൊട്ടോ: പിആർഡി

കാര്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനയിലൂടെ കടത്തിവിട്ടത്. ഈ വാഹനങ്ങളില്‍ സഞ്ചരിച്ച എല്ലാ യാത്രക്കാരെയും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതുവരെ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. കൂടാതെ, സംസ്ഥാനത്തിന് പുറത്തേക്ക് ഇതുവരെ വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി അഞ്ച് വാഹനങ്ങള്‍ കടന്ന് പോയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രമാണ് അന്തര്‍സംസ്ഥാന യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിനായി ചെക്ക്‌പോസ്റ്റില്‍ 16 കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളികളെ തിരികെയെത്തിക്കാൻ ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും ഏര്‍പ്പാടാക്കണമെന്ന് ഉമ്മൻ ചാണ്ടി

വിദേശത്തും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ അതതു രാജ്യങ്ങളും സംസ്ഥാനങ്ങളും ദൃതഗതിയില്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടിരിയ്ക്കുകയാണ്. ഇവര്‍ക്കായി ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും അടിയന്തരമായി ഏര്‍പ്പാടാക്കണമെന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.

Read Also: നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും: സോണിയ ഗാന്ധി

വിദേശത്തുള്ള മറ്റു രാജ്യക്കാരെ അതതു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും കേരളത്തിലുള്ള അതിഥി തൊഴിലാളികളെ മറ്റു സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ അയച്ചും നാടുകളിലെത്തിച്ചു. എന്നാല്‍ എല്ലായിടത്തും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു. മൂന്നാംഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ ആകെ നിരാശരാണ്. നാട്ടിലേക്ക് എന്നു മടങ്ങാനാകും എന്നതിന് അവര്‍ക്ക് ഒരു നിശ്ചയവുമില്ല.

മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടിയന്തരമായി ആരംഭിക്കണം. കെഎംസിസി നടത്തിയ സർവ്വേയില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 845 ഗര്‍ഭിണികള്‍ കാത്തിരിക്കുന്നു. 8 മാസം കഴിഞ്ഞ ഗര്‍ഭിണികളെ വിമാനത്തില്‍ യാത്ര അനുവദിക്കില്ല. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായമായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടശേഷം വിദേശത്തു താമസിക്കാന്‍ വരുമാനം ഇല്ലാത്തവര്‍ തുടങ്ങിയവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കണം. സാധാരണ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ജോലി നഷ്ടപ്പെട്ടവരും വാടക കൊടുക്കാന്‍ കഴിയാത്തവരും അസുഖബാധിതരുമായ ധാരാളം പേരുണ്ട്. അനേകം വിദ്യാര്‍ത്ഥികളുണ്ട്. ഭക്ഷണവും മരുന്നും കിട്ടാത്തവര്‍ വരെയുണ്ട്. സാധാരണ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുമെന്ന് ഉറപ്പുള്ളതിനാല്‍, മറ്റു സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ അവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് അടിയന്തരമായി ഏര്‍പ്പാടാക്കണം. ഇപ്പോള്‍ അതിഥി തൊഴിലാളികളുമായി വടക്കേ ഇന്ത്യയിലേക്കു പോയിരിക്കുന്ന ട്രെയിനുകള്‍ മടങ്ങിവരുമ്പോള്‍ അതില്‍ മലയാളികളെ കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്യണം. തെക്കേ ഇന്ത്യയില്‍ നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസി ബസ് അയക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.