തിരുവനന്തപുരം: ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കർശനമായ നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് നടത്തുമ്പോൾ 50 ശതമാനം യാത്രക്കാരാണ് ബസിൽ ഉണ്ടാവുക. ഈ സാഹചര്യത്തിൽ പഴയ നിരക്കിൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്കോ, സ്വകാര്യ ബസ് ഉടമകൾക്കോ സാധ്യമല്ല. അതിനാൽ തന്നെ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു.

നിരക്ക് എത്രമാത്രം വർധിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഗതാഗതത്തിനുളള ഇളവ് എത്രമാത്രം എന്നതനുസരിച്ചാകും സർവീസുകൾ. ഇതിൽ വ്യക്തത വന്നിട്ടേ നിരക്ക് തീരുമാനിക്കൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. നിരക്ക് വർധന ലോക്ക്ഡൗൺ കാലത്തേക്ക് മാത്രമായിരിക്കും. സെക്രട്ടേറിയേറ്റിലേക്കും കോടതികളിലേക്കും പരിമിതമായ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഇരട്ടി ചാർജാണ് ഈടാക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഇരട്ടിചാര്‍ജ് ഏര്‍പ്പെടുത്തണമോ എന്നത് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും ഒന്നിച്ചു തുറക്കും: എക്‌സെെസ് മന്ത്രി

കേന്ദ്രനിർദേശപ്രകാരം മാത്രമേ സംസ്ഥാനത്ത് പൊതുഗതാഗതം തുടങ്ങാനാവൂ. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും പൊതുഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുക. മൂന്നാംഘട്ട ലോക്ക്ഡൗൺ കഴിയുമ്പോൾ മേയ് 18 മുതൽ ജില്ലകൾക്ക് അകത്ത് ബസ് സർവീസ് തുടങ്ങാൻ അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുന്ന സാഹചര്യത്തിൽ ഒരു ദിവസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നും ഇത് നികത്താൻ ചാർജ് വർധിപ്പിക്കണമെന്നും ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറച്ച് യാത്രക്കാരെ മാത്രമേ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചാർജ് വർധിപ്പിക്കാനൊരുങ്ങുന്നത്.

സാമൂഹിക അകലം പാലിച്ച് 25 പേര്‍ക്കേ ബസില്‍ യാത്ര അനുവദിക്കൂ. രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ഒരാൾ മാത്രം, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടുപേർ, യാത്രക്കാരെ നിർത്തി കൊണ്ടുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങളോടെ ബസ് സർവീസുകൾ പുനരാരംഭിക്കാനാണ് സർക്കാർ ആലോചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.