തിരുവനന്തപുരം: ജനുവരി 30-ന് ഉച്ചതിരിഞ്ഞപ്പോഴാണ് കേരളത്തിന്റെ നട്ടെല്ലിലൂടെയൊരു തണുപ്പ് അരിച്ചിറങ്ങിയ ആ വാര്‍ത്തയെത്തിയത്. ഇന്ത്യയിലാദ്യമായി തൃശൂര്‍ ജില്ലയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. 2019 വര്‍ഷാവസാനത്തോടെ ചൈനയില്‍ വുഹാനില്‍ ആരംഭിച്ച് വന്മതിലുകളെ കടന്ന് മറ്റു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് വൈറസും ഒപ്പം മരണവും യാത്ര തുടങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഉള്‍പ്പേജുകളില്‍ നിന്നും ഒന്നാം പേജിന്റെ തലക്കെട്ടായി മാറി. ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചിട്ട് നൂറു ദിവസം മെയ് എട്ടിന് ആകുമ്പോഴും കേരളം ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. കോവിഡ്-19 മഹാമാരിയെ ഒരു കൊച്ചു സംസ്ഥാനം തടുത്തുനിര്ത്തിയിരിക്കുന്നു.
“ഇന്ത്യയിലാദ്യത്തെ കോവിഡ്-19 സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നൂറു ദിവസമാവുകയാണ് ജനുവരി 30നു വിദേശത്തുനിന്നു കേരളത്തില്‍ വന്ന വിദ്യാര്‍ത്ഥിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ല എന്നുറപ്പു വരുത്താന്‍ നമുക്കു സാധിച്ചു. മാര്‍ച്ച് ആദ്യ വാരമാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാമത്തെ വരവുണ്ടാകുന്നത്. രണ്ടു മാസങ്ങള്‍ക്കിപ്പുറം ആ രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞു എന്നുതന്നെ പറയാം. കര്‍വ്വ് ഫ്ളാറ്റന് ചെയ്തു എന്നര്‍ത്ഥം,” മുഖ്യമന്ത്രി പിണറായി വിജയന് 100-ാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വുഹാനില്‍ കെറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് ഇന്ത്യയില്‍ ആദ്യമായി രോഗം ബാധിച്ചത്. പിന്നാലെ കാസര്‍ഗോഡും ആലപ്പുഴയിലും ഓരോരുത്തര്‍ക്ക് രോഗം ബാധിച്ചു.

Also Read: കേരളത്തിൽ കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനി തൃശൂരിൽ ചികിത്സയിൽ
ഒരു മുഴം മുന്നേ ഓടിത്തുടങ്ങി കേരളം
കേരളത്തില്‍ ആദ്യ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുംമുമ്പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയ സംസ്ഥാനം നിപ മാതൃകയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2018-ല്‍ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിനെ വിജയകരമായി പ്രതിരോധിച്ചതിന്റെ അനുഭവപരിചയം ആരോഗ്യ വകുപ്പിനെ സഹായിച്ചു.
വുഹാനില്‍ പ്രത്യേകതരം ന്യുമോണിയ പടരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് അതേക്കുറിച്ച് അന്വേഷിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നും ധാരാളം പേര് പഠനത്തിനും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ചൈനയില്‍ പോയി വരുന്നതിനാലായിരുന്നു സര്‍ക്കാര്‍ കൊറോണവൈറസിനെ ശ്രദ്ധിച്ചു തുടങ്ങിയത്.
വിശദമായി വായിക്കാം: ചുക്കാൻ പിടിക്കാൻ ആരോഗ്യമന്ത്രി; നിപ മോഡൽ പ്രതിരോധ പ്രവർത്തനങ്ങൾ
കേരളത്തിന് ആശ്വാസകരമായ വാര്‍ത്ത ഫെബ്രുവരി 20-ന് തൃശൂരില്‍ നിന്നും വന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആശുപത്രി വിട്ടു. മറ്റു രണ്ടുപേര്‍ നേരത്തേ തന്നെ ആശുപത്രി വിട്ടിരുന്നു. ഇതോടെ കേരളം കൊറോണയെ കീഴടക്കിയെന്നും സംസ്ഥാനം ആശ്വാസതീരമണഞ്ഞുവെന്നും ജനങ്ങള്‍ക്ക് തോന്നി തുടങ്ങി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുകയും ജീവിതം പഴയതു പോലെ ആകുകയും ചെയ്തു.
വിശദമായി വായിക്കാം: രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധിത ആശുപത്രി വിട്ടു; ശ്രദ്ധ നേടി കേരള മോഡൽ
തര്‍ക്കം, വാദം, മറുവാദം, വിശദീകരണങ്ങള്‍
അതേസമയം തന്നെ, കൊറോണയുടെ ഉല്ഭവത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അമേരിക്കയും ചൈനയും തമ്മില്‍ തുടങ്ങി. വുഹാനിലെ ഗവേഷണശാലയിലെ ലാബില്‍ നിന്നുമാണ് രോഗത്തിന് കാരണമായ നോവല്‍ കൊറോണവൈറസ് പുറത്ത് ചാടിയതെന്ന ആരോപണം അമേരിക്ക ഉയര്‍ത്തിയപ്പോള്‍ വുഹാനില്‍ വൈറസിനെ എത്തിച്ചത് അമേരിക്കയുടെ സൈന്യം എന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ലാബില്‍ നിന്നല്ല വൈറസ് ഉല്ഭവിച്ചത് മൃഗങ്ങളില്‍ നിന്നാണെന്ന വിശദീകരണം ലോകരോഗ്യ സംഘടനയുടെ ഭാഗത്തുനിന്നുമുണ്ടായി.
വിശദമായി വായിക്കാം: ലാബിൽ നിന്നല്ല, കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്ന്: ലോകാരോഗ്യ സംഘടന
ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ കൊറോണവൈറസിന് അതിജീവനം സാധ്യമല്ലെന്ന വാദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളും മറ്റും അതേറ്റെടുത്തു. ശീതകാലം കഴിഞ്ഞ് ഇന്ത്യ വേനല്‍ക്കാലത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതീവ ആശ്വാസത്തോടെയാണ് രാജ്യം ആ വാദത്തെ കേട്ടതും പ്രചരിപ്പിച്ചതും. എന്നാല്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരുന്നത് നോവല്‍ കൊറോണവൈറസ് ആയതിനാല്‍ അതിന്റെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്ര ലോകം തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ശബ്ദകോലാഹലമായിരുന്നു.
വിശദമായി വായിക്കാം: വേനല്‍ കൊറോണവൈറസിനെ കൊല്ലുമോ? ഇന്ത്യ രക്ഷപ്പെടുമോ?
കേരളത്തില്‍ വീണ്ടും കൊറോണ ബാധ
ആശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും നാളുകളിലൂടെ കേരളം ജാഗ്രതയോടെ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോഴാണ് പത്തനംതിട്ടയില്‍ നിന്നും ബ്രേക്കിങ് ന്യൂസ് എത്തിയത്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്-19 നാശം വിതച്ചു കൊണ്ടിരിക്കുന്ന ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ഒരു കുടുംബം വിമാനത്താവളത്തിലെ പരിശോധനകളുടെ കണ്ണില്‍പ്പെടാതെ മറികടന്ന് റാന്നിയിലേക്കെത്തി. അവര്‍ നാട്ടിലെത്തിയ എല്ലാ വിദേശികളേയും പോലെ സുഹൃത്തുക്കളേയും ബന്ധുക്കളേയും സന്ദര്‍ശിക്കുകയും ചെയ്തു. ഫെബ്രുവരി 29-നാണ് ദോഹ വഴി നാട്ടിലെത്തിയ 55 വയസ്സുകാരനും ഭാര്യക്കും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 90 വയസ്സിനുമേല്‍ പ്രായമുണ്ടായിരുന്ന ഈ വയോധിക ദമ്പതികര്‍ രോഗവിമുക്തരായത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനത്തിനുള്ള വകയായി.
കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നുമെത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടണമെന്ന് നിരന്തരം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ചെയ്തില്ല. വിമാനമിറങ്ങിയപ്പോള്‍ വിമാനത്താവളത്തിലും റിപ്പോര്‍ട്ട് ചെയ്തില്ല. മൂത്ത സഹോദരനെ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഇളയ സഹോദരന് ഇറ്റലിയില്‍ നിന്നുമെത്തിയ കാര്യം മനസ്സിലാക്കിയത്.
ഇതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ്-19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരുന്നു. പത്തനംതിട്ടയിലെ രോഗ സ്ഥിരീകരണത്തോടെ രാജ്യത്തെ രോഗികളുടെ എണ്ണം 39 ആയി ഉയര്‍ന്നു.
വിശദമായി വായിക്കാം: കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ച് പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു
ഇറ്റലിയില്‍ നിന്നുമെത്തിയവര്‍ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോയി. വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
അതേസമയം, ഈ വിഷയം പ്രതിപക്ഷ-ഭരണപക്ഷ പോരാട്ടത്തിനുള്ള കാരണമായി മാറുകയും ചെയ്തു. കൊറോണയുടെ പേരില്‍ ഇരുപക്ഷവും തമ്മിലെ രാഷ്ട്രീയ വാക്പോരിന് തുടക്കം കുറിച്ചത് നിയമസഭയില്‍ നിന്നായിരുന്നു. കഴിഞ്ഞ നൂറു ദിവസങ്ങളിലായി രോഗ പ്രതിരോധത്തിന് കേരളം ഏത് മാതൃക സ്വീകരിക്കണമെന്ന് തുടങ്ങി കൊറോണവൈറസ് ബാധിതരുടെ ഡാറ്റ ശേഖരണത്തില്‍ വരെ ഏറ്റുമുട്ടലും വിവാദങ്ങളുമുണ്ടായി. വരുന്നത് തെരഞ്ഞെടുപ്പിന്റെ മാസങ്ങളായതിനാല്‍ കോവിഡില്‍ രാഷ്ട്രീയം ഇനിയും കലരുമെന്നുറപ്പ്. പ്രതിപക്ഷം ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയുമാണെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചത്.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
പത്തനംതിട്ടയില്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ സംസ്ഥാനം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. വിവാഹങ്ങളും പൊതുയോഗങ്ങളും പൊതുപരിപാടികളും ഉത്സവങ്ങളും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 3000-ത്തോളം പേരായിരുന്നു പത്തനംതിട്ടയിലെ രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ ഉത്സവങ്ങള്‍ മാറ്റിവച്ചുവെങ്കിലും തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാല നടത്തിയത് ആരോഗ്യവകുപ്പിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു.
രോഗബാധിതര്‍ ആരെങ്കിലും പൊങ്കാല ഇടാന്‍ വരുമോയെന്ന ഭീതിയായിരുന്നു. എങ്കിലും പൊങ്കാലയില്‍ പങ്കെടുത്ത ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് രോഗവ്യാപനം സംഭവിച്ചില്ല. പിന്നീട് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയും ചരിത്രത്തിലാദ്യമായി കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനലായങ്ങള്‍ അടയ്ക്കുകയും ചെയ്തു. വിനോദ സഞ്ചാര മേഖലയിലും നിയന്ത്രണം വന്നു. തിയേറ്ററുകളും അടച്ചു. സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ് ടു തുടങ്ങി എല്ലാ പരീക്ഷകളും നിര്‍ത്തിവച്ചു.
വിശദമായി വായിക്കാം: നിരീക്ഷണത്തിൽ 900 പേർ; ആ വെല്ലുവിളി പത്തനംതിട്ട മറികടന്നതെങ്ങനെ?
കോവിഡ്-19-ന് കൃത്യമായ ചികിത്സയില്ലാത്തത് ലോകമെമ്പാടും ആരോഗ്യ സംവിധാനത്തെ വലയ്ക്കുകയാണ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. മാര്‍ച്ച് 14-ന് കേന്ദ്ര സര്‍ക്കാര്‍ കോവിഡ്-19 ദുരന്തമായി പ്രഖ്യാപിച്ചു. രണ്ട് പേര് മരിച്ചതിനെ തുടര്‍ന്നാണ്. ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയിലെ കലബര്ഗിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പാക്കേജുമായി കേരളം
രാജ്യത്ത് ആദ്യമായി കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരുകളോ കോവിഡ്-19-നെ നേരിടുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് കേരളമാണ്. 20,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. മാര്‍ച്ച് 19-ന് പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ രോഗികളുടെ എണ്ണം 28 ആയിരുന്നു.
സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനും പെന്‍ഷനില്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ 1000 കോടി രൂപയും ആരോഗ്യ പാക്കേജായി 500 കോടി രൂപയും സംസ്ഥാനം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളം യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. ഈ സമയങ്ങളിലെല്ലാം കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുന്നുണ്ടായിരുന്നു.
കേരളം തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും വ്യവസായ വളര്‍ച്ചയ്ക്കും വരുമാന വര്‍ദ്ധനവിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. 15 കിലോ അരിയുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ റേഷന്‍ കട വഴി നല്കി സംസ്ഥാനം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി. സംസ്ഥാനം രോഗ പ്രതിരോധത്തിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചപ്പോഴും കാസര്‍ഗോഡും കണ്ണൂരും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്കയുണര്‍ത്തി. എങ്കിലും ഇരു ജില്ലകളിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ രോഗ വ്യാപനം തടഞ്ഞു. കേരളം പതിറ്റാണ്ടുകളായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിതച്ചതിന്റെ ഫലം കൊയ്യാന്‍ കൊറോണക്കാലത്ത് സംസ്ഥാനത്തിനാകുന്നു. സംസ്ഥാനത്തിന്റെ ശക്തമായ ആരോഗ്യ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നു.
വിശദമായി വായിക്കാം: കോവിഡ് 19: 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്
ആശ്വസിക്കാന്‍ സമയമായില്ല
നൂറാം ദിവസമായപ്പോള്‍ കേരളത്തില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 503 ആണ്. മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ഓരോരുത്തര് വീതം. ആകെ 16 പേര് മാത്രമേ ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളു.
20,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19,810 പേര് വീടുകളിലും 347 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 35,856 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 35,355 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്. ഇതു കൂടാതെ മുന്‍ഗണനാ ഗ്രൂപ്പുകളിലെ 3380 സാമ്പിളുകള്‍ അയച്ചത് 2939 നെഗറ്റീവ് ഫലം വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ 33 ഹോട്ട്സ്പോട്ടുകളേ ഉള്ളു.
കണ്ണൂര്‍ ജില്ലയില്‍ 5, വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ഒന്നു വീതം എന്നിങ്ങനെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍. ലോകത്തിന്റെ കൈയടി നേടി കേരളം നില്‍ക്കുമ്പോഴും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ പതിവായി മുന്നറിയിപ്പ് നല്കുന്നു. കൊറോണവൈറസിനെ കെട്ടുകെട്ടിക്കാന്‍ വാക്സിന് വരുന്നത് വരെ ലോകത്തിന് ആശ്വസിക്കാനാകില്ല. ചുറ്റിലും രോഗ ബാധിത പ്രദേശങ്ങള്‍ ഏറെയുള്ളതിനാല്‍ കേരളത്തിനൊരു തുരുത്തായി എത്ര ദിവസം കഴിയാകാനാകും എന്നതൊരു ചോദ്യമാണ്.