കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുകയാണെന്ന് വടകര എംപി കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിപിഎം പ്രതിപക്ഷത്തിന് നേരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കോവിഡ് പരത്തുന്നത് പ്രതിപക്ഷമാണെന്ന് പറഞ്ഞ ലോകത്തിലെ ആദ്യത്തെയാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടത്തിയിരുന്ന സമരങ്ങള്‍ക്കെതിരെ കോടിയേരിയും ധനമന്ത്രി തോമസ് ഐസക്കും അടക്കമുള്ള സിപിഎം നേതാക്കള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Read Also: കോവിഡ് മരണം: സംസ്‌കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസ്

രോഗം പടരുന്ന മേഖലകളില്‍ അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികള്‍ക്കുണ്ടെന്ന് എംപി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷം കോവിഡിനെതിരായ ജനങ്ങളുടെ ജാഗ്രതയെ തകര്‍ത്തുവെന്നും അവര്‍ വിചാരണ ചെയ്യപ്പെടണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

കെ മുരളീധരന്‍ പങ്കെടുത്ത വിവാഹത്തിലെ വരനടക്കം 32 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എംപി നിരീക്ഷണത്തില്‍ പോകുകയും പിന്നീട് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒരു ഡോക്ടറുടെ വിവാഹത്തിലാണ് എംപി പങ്കെടുത്തത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകനാണ് ഈ ഡോക്ടര്‍. ഈ വിവാഹത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

വരന്റെ പിതാവായ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബൂബക്കറിനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം വളയം പൊലീസ് കേസ് എടുത്തിരുന്നു. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും അനവധി നേതാക്കള്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.