തിരുവനന്തപുരം: പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വ്യാഴാഴ്‌ച ഏഴ് പേര്‍ അഡ്‌മിറ്റായി. 1,038 പേര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. 24 പേരുടെ സാംപിളുകൾ പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്.

നിപയെ പ്രതിരോധിച്ചതു പോലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കേരളത്തിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപുതന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അതീവ ജാഗ്രതയാണ് സംസ്ഥാനത്ത് പുലർത്തിയിരുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശെെലജ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്‌ച നടത്തി.

Read Also: കൊറോണ വെെറസ് ബാധ: ചെെനയിൽ നിന്നു തിരിച്ചുവരുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. തൃശൂരില്‍ വേറെ മൂന്ന് വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. ഇവരുടെ മൂന്ന് പേരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൂനെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ഥിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്‌ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.