തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളം അതീവ ജാഗ്രതയില്‍. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേരളത്തില്‍ 436 പേരാണ് നിരീക്ഷണത്തിലുള്ളത്. ചെെനയിൽ നിന്ന് കേരളത്തിലെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും വുഹാൻ പ്രൊവിൻസിൽ നിന്നുള്ളവരാണ്. തിങ്കളാഴ്ച 148 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണയെ പ്രതിരോധിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്ന് കേരളത്തിലെത്തിയ കേന്ദ്ര സംഘം പറഞ്ഞു.
അതേസമയം, ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസ് ബാധയിൽ ചെെനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. 1300 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മൊത്തം നാലായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ചെെനയിൽ ഫെയ്സ്ബുക്ക് ഉപയോഗത്തിനു നിയന്ത്രണമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിച്ച് ഭീതി ഉണ്ടാകാതിരിക്കാനാണ് ഇത്. ജോലിക്കാരോട് വീടുകളിൽ ഇരുന്ന് തന്നെ ജോലി ചെയ്താൽ മതിയെന്ന് പല കമ്പനികളും നിർദേശിച്ചിട്ടുണ്ട്.
Read Also: ക്രിസ്തു പാഠം; കയ്യേറ്റം ചെയ്തയാളുടെ കാൽ കഴുകി ചുംബിച്ച് വെെദികൻ
ചെെനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനത്തിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇവരെ ഇന്ത്യയിലെത്തിക്കാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ചെെനയിൽ 20 നഗരങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആരിലും പോസിറ്റീവ് റിപ്പോർട്ട് വന്നിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
137 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ രക്ത സാംപിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.