തിരുവനന്തപുരം: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ വ്യാജപ്രചരണങ്ങളും സജീവമാണ്. അത്തരത്തിൽ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ സംസ്ഥാനത്ത് അറസ്റ്റിൽ. 11 കേസുകളാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങളിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഓരോ സ്റ്റേഷൻ പരിധിയിലും സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാൻ സൈബർ ഡോമിന്റെ സഹായവും തേടും. വ്യാജ പ്രചാരണങ്ങൾ ഷെയർ ചെയ്താൽ ഇതിന്റെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിച്ചായിരിക്കും കേസെടുക്കുക.
ജനങ്ങളുടെ ഭീതിയും ആകാംക്ഷയും മുതലെടുത്ത് നിരവധി വ്യാജസന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പേരിലും വ്യാജ പ്രചരണങ്ങള് അരങ്ങു തകർക്കുന്നു. ഹോമിയോ മരുന്നുകളും മദ്യവുമെല്ലാം രോഗത്തെ പ്രതിരോധിക്കുമെന്ന വാർത്തകൾക്കൊപ്പം പ്രാദേശികമായ രോഗം സ്ഥിരീകരിച്ചുവെന്ന തെറ്റായ വാർത്തകളും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്.
ഔദ്യോഗികമല്ലാതത യാതൊരു വിവരങ്ങളും കൈമാറരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ
പലരും ആധികാരിക വിവരം എന്ന് തെറ്റിധരിച്ചാണ് പല വാർത്തകളും പങ്കുവയ്ക്കുന്നത് എന്നും സൂചനയുണ്ട്.
ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 17 ആണ്. മൂന്ന് പേർ നേരത്തെ രോഗവിമുക്തരായവരാണ്. 14 പേരാണ് ഇപ്പോൾ കൊറോണ പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇവരുടെ ആരാേഗ്യനില തൃപ്തികരമാണ്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് ഇപ്പോൾ കൊറോണ പോസിറ്റീവ് ആയിട്ടുള്ളത്.