തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനിൽക്കുമ്പോഴും എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ടിഎച്ച്എൽസി പരീക്ഷകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു. നേരത്തെ അറിയിച്ചിരുന്നതു പോലെ മാർച്ച് 10 നു (നാളെ) തന്നെ പരീക്ഷകൾ ആരംഭിക്കുമെന്ന് ജീവൻ ബാബു ഐഎഎസ് പറഞ്ഞു.
“പരീക്ഷകൾ നാളെ ആരംഭിക്കും. ആദ്യമായാണ് എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഒരേ ദിവസം ഒരേ സമയത്ത് നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പരീക്ഷകൾ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല. ഏകദേശം 17 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കും. ഏതെങ്കിലും കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ സേ പരീക്ഷ അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. അതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കും. യുഎഇ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷ കേന്ദ്രങ്ങളിലും നാളെ തന്നെ പരീക്ഷ നടക്കും.” ജീവൻ ബാബു ഐഎഎസ് പറഞ്ഞു.
Read Also: ബിഗ് ബോസ് വാസത്തിനു ശേഷം വീണയെത്തി; സ്വീകരിച്ച് കണ്ണനും അമ്പാടിയും
നാളെ രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ നടക്കുക. 4,24,000 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി, വിഎച്ച്എസ്സി മറ്റു വിഭാഗങ്ങളിലായി 13 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്. 2945 കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതുന്നത് മലപ്പുറം എടരിക്കോട് പികെഎം എച്ച്എസിലാണ്. 2,327 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. എസ്എസ്എല്‍സി ചോദ്യ പേപ്പറുകള്‍ ട്രഷറിയിലും ബാങ്ക് ലോക്കറിലുമാണ് സൂക്ഷിക്കുക. പരീക്ഷാദിവസം രാവിലെ കേന്ദ്രങ്ങളില്‍ എത്തിക്കും. ഹയര്‍ സെക്കന്‍ഡറി ചോദ്യ പേപ്പറുകള്‍ പൊലീസ് കാവലില്‍ സ്കൂളുകളില്‍ സൂക്ഷിക്കും.
മാർച്ച് പത്തിനു ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ മാർച്ച് 26 നു അവസാനിക്കും. ഏപ്രിൽ രണ്ടു മുതലാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിക്കുന്നത്. ഏപ്രിൽ 23 നു മൂല്യനിർണയം അവസാനിക്കും. മേയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ഫലം പുറത്തുവരാനാണ് സാധ്യത.