ഇടുക്കി: കൊറോണ വെെറസ് പടരുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെ സംസ്ഥാനം. ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശികളടക്കം നിരവധി പേരാണ് ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനു എത്താറുള്ളത്. മുൻകരുതൽ എന്ന നിലയിലാണ് ഇപ്പോൾ വിനോദ സഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കുമളി, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പുതിയ ബുക്കിങ്ങുകൾ പാടില്ല. റിസോർട്ടുകളിലും ഹോം സ്റ്റേകളിലുമുള്ള വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനും ആരോഗ്യവകുപ്പിനും ഇടുക്കി ജില്ലാ കലക്ടർ നിർദേശം നൽകി. വിദേശത്തു നിന്നു എത്തിയവരെ പ്രത്യേകം നിരീക്ഷിക്കാനാണ് സർക്കാർ തീരുമാനം.
പത്തനംതിട്ടയില്‍ കൊറോണ ബാധിച്ച കുടുംബത്തിലെ പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ നേരത്തെ ജില്ലയിലെ ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡിലായിരുന്നു. പ്രായമായവര്‍ക്ക് കൊറോണ കാര്യമായി ബാധിക്കാന്‍ ഇടയുള്ളത് കണക്കിലെടുത്താണു നടപടി.
Read Also: ദോഹയിലേക്ക് പോയ മലയാളികളെ ബഹ്റെെനിൽ ഇറക്കി; സർവീസുകൾ നിർത്തി ഇൻഡിഗോ
കൊറോണ ബാധിതരുമായി അടുത്ത് ഇടപെട്ട മുഴുവന്‍ ആളുകളേയും കണ്ടെത്താനുള്ള ശ്രമം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രോട്ടോകോൾ പ്രഖ്യാപിച്ചു .ഇന്ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വന്ന നിർദേശപ്രകാരമാണ് എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മുൻകരുതലിനായി മാസ്ക് , ഹാൻഡ് സാനിറ്റൈസർ , ഗ്ലോവ്സ് എന്നിവ വിതരണം ചെയ്യാനും അഡ്വ : ബി. എ അബ്ദുൽ മുത്തലിബ് അധ്യക്ഷനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചത്.