തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ടി.പി.സെൻകുമാർ നടത്തിയ പ്രസ്‌താവന തള്ളി ആരോഗ്യമന്ത്രി കെ.കെ.ശെെലജ. അർധസത്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വെെറസ് വ്യാപിക്കില്ലെന്ന് ടി.പി.സെൻകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സെൻകുമാറിനെ പൂർണമായി തള്ളുകയാണ് ആരോഗ്യമന്ത്രി ചെയ്‌തത്.

കൊവിഡ് 19 മനുഷ്യരാശിക്ക് ഭീഷണിയായി നിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകൾ നടത്തരുതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വെെറസ് ഉണ്ടാകില്ലെന്നതിനു യാതൊരു സ്ഥിരീകരണവുമില്ലെന്ന് പറഞ്ഞ മന്ത്രി സെൻകുമാർ ആരോഗ്യവിദഗ്‌ധനല്ലല്ലോ എന്നും ചോദിച്ചു.

“ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ധസത്യങ്ങൾ പ്രചരിപ്പിക്കരുത്.” മന്ത്രി പറഞ്ഞു.

Read Also: പ്രായമൊക്കെ എന്ത്; പറന്നുയർന്ന് ഒറ്റക്കയ്യിൽ സഹീർ ഖാൻ, വീഡിയോ കാണാം

അതേസമയം, കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നുപേര്‍ക്കും അവരുടെ രണ്ടു ബന്ധുക്കള്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29-നാണ് ഇവര്‍ കേരളത്തിലെത്തിയത്. റാന്നി സ്വദേശികളാണ് ഇവർ. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കയില്ലെന്നും പറഞ്ഞ മന്ത്രി ശ്രദ്ധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

രോഗബാധിതര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.

ഫെബ്രുവരി 29-ന് ഇറ്റലിയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ 55 വയസ്സുകാരനും ഭാര്യയും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 39 ആയി ഉയർന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കാണു രോഗം കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന ഇവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.