തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേർക്ക് കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ച സാഹചര്യത്തില്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിച്ച് തുടങ്ങിയതായി ആരോഗ്യ, ശിശുവികസന ക്ഷേമ മന്ത്രി കെ.കെ.ശെെലജ. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മൂന്ന് ലക്ഷത്തോളം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാര്‍ക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും നേരത്തെതന്നെ പോഷകാഹാരങ്ങള്‍ വീട്ടിലെത്തിച്ച് വരുന്നുണ്ട്. ഇതോടെ 13.5 ലക്ഷത്തോളം പേര്‍ക്കാണ് ഐസി‌ഡിഎസ് സേവനങ്ങള്‍ വീട്ടിലെത്തിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Read Also: Explained: കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നത് ഇങ്ങനെയാണ്‌

അങ്കണവാടികള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം ചേർന്നിരുന്നു. അതിനുശേഷമാണ് അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാനും അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റർനെറ്റ് ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാമെന്ന് ടെലികോം കമ്പനികള്‍ ഉറപ്പുനല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്റർനെറ്റ് ബാന്‍ഡ് വിഡ്‌ത്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്പനികളില്‍ നിന്നു വിവരം ശേഖരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇന്റർനെറ്റ് ബാൻഡ്‌ വിഡ്‌ത്ത് വർധിപ്പിക്കാൻ ടെലികോം കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.