Latest News

ഇന്നത്തെ കോവിഡ് വാർത്തകൾ: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

കണ്ടെയ്ൻമെന്റ് സോണുകൾ

  • കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.
  • ആരാധനാലയങ്ങളിൽ പരമാവധി അഞ്ച് പേർക്ക് മാത്രം പ്രവേശനം
  • അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നതിന് വിലക്ക്
  • അവശ്യ വസ്തുക്കളോ സേവനങ്ങളോ ലഭ്യമാക്കുന്നവ ഒഴികെയുള്ള എല്ലാ കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് മണിവരെ മാത്രം.
  • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി രാത്രി 7 വരെ മാത്രം. 9 മണി വരെ പാഴ്സൽ നൽകാം.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ

  • എല്ലാ തരം കൂടിച്ചേരലുകൾക്കും വിലക്ക്.
  • ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കളോ സേവനങ്ങളോ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി.
  • കടകളും സ്ഥാപനങ്ങളും രാത്രി 7 വരെ മാത്രം
  • ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സൽ നൽകാം.
  • ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഓരോ എൻട്രി എക്സിറ്റ് പോയിന്റുകൾ മാത്രം തുറന്ന് മറ്റെല്ലാ വഴികളും അടച്ചിടും.
  • കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ വിവിധ സോണുകളുടെ വിവരം ലഭ്യമാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന ഇടങ്ങൾ

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികൾ ഇതിൽ ഉൾപ്പെടുന്നു.
  • അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് വിലക്ക്.
  • വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാം. ഇത്തരം ചടങ്ങുകളുടെ വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രർ ചെയ്യണം. ഈ വിവരങ്ങൾ അധികൃതർക്ക് കൈമാറണം.
  • കടകളും സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രം.
  • കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം.

സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ പട്രോളിംഗ്

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണെന്ന് ഡിജിപി പറഞ്ഞു. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും പങ്കുവയ്ക്കുന്നവരെയും കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പെട്രോളിംഗ് നടത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 5371 കേസുകൾ

കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേർക്കെതിരെ കേസെടുത്തു. 984 പേരെയാണ് അറസ്റ്റ് ചെയ്തത്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22703 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ കൊല്ലം സിറ്റി പരിധിയിലും ഏറ്റവും കുറവ് തൃശൂർ സിറ്റിയിലുമാണ് രജിസ്റ്റർ ചെയ്തത്.

മേയ് ഒന്നിനു മുൻപായി കൂടുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമ്മാക്കാൻ നിർദേശം

മേയ് 1 മുതൽ രാജ്യത്ത് 18 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള പൊതു പ്രവർത്തന ചട്ടം (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 45 വയസ്സിനു താഴെയുള്ളവർക്കും വാക്സിൻ നൽകുന്നതിന് മുന്നോടിയായ പുതുതായി അധിക വാക്സിനേഷൻ കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

വാക്സിനുകൾക്ക് അർഹരായ ഗുണഭോക്താക്കൾക്കായി “ഓൺ‌ലൈൻ രജിസ്ട്രേഷൻ മാത്രം” വഴി കുത്തിവയ്പ്പ് നടത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഓക്സിജൻ, വാക്സിൻ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവയിൽ ഇളവ്

ന്യൂഡല്‍ഹി: അടുത്ത മൂന്ന് മാസത്തേക്ക് ഓക്സിജനും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിലെ അടിസ്ഥാന കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ മെഡിക്കൽ ഓക്സിജന്റെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് വാക്‌സിനുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഒഴിവാക്കാനും തീരുമാനിച്ചു. ഈ തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാക്സിൻ വാങ്ങുന്നതിന് ഒരു കോടി രൂപ സർക്കാരിന് നൽകും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരളസർക്കാരിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല അറിയിച്ചു.

ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്ന രീതിയിലും കാര്യങ്ങൾ ഏകോപിപ്പിച്ച് പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ലഭ്യമാക്കുന്ന രീതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 27 അംഗങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്നതിന് അനുകൂലിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: 26,685 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35

ഓക്‌സിജൻ കിട്ടാതെ പിടഞ്ഞ് കോവിഡ് രോഗികൾ; ഡൽഹിയിൽ 20 മരണം കൂടി

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിക്കുന്നതു തുടര്‍ക്കഥയാവുന്നു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ ഗുരുതര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന 20 പേര്‍ ഇന്നലെ രാത്രി മരിച്ചു. സര്‍ ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ വ്യാഴാഴ്ച ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു.

”ഈ രോഗികള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഗുരുതരമായ പരിചരണ വിഭാഗത്തിലാണ് മരണങ്ങളെല്ലാം സംഭവിച്ചത്. അതെ, കുറച്ചുനേരം ഓക്‌സിജന്റെ മര്‍ദ്ദം കുറവായിരുന്നു. ആ സമയത്തിനുള്ളില്‍ മരിക്കില്ല. എവിടെയും 10 മിനിറ്റ് എടുക്കും. പക്ഷേ മര്‍ദം തീര്‍ച്ചയായും കുറവായിരുന്നു. അവര്‍ സാധാരണയായി വളരെ ഉയര്‍ന്ന തോതിലുള്ള ഓക്‌സിജനിലായിരിക്കാമെന്നതാവാം കാരണം. ഒരു സാധാരണ രോഗി അഭീമുഖീകരിക്കും, ഉയര്‍ന്ന ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് ഈ അപര്യാപ്തതയെ നേരിടാന്‍ കഴിയില്ല. അര്‍ധരാത്രിക്കുശേഷമാണ് ഇത് സംഭവിച്ചത്. അതിനുമുമ്പ് ഞങ്ങളുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു,” ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി കെ ബലുജ പറഞ്ഞു.

ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ച് ഈ ആഴ്ച പരാതിപ്പെടുന്ന ഡല്‍ഹിയിലെ നിരവധി ആശുപത്രികളിലൊന്നാണു ജയ്പൂര്‍ ഗോള്‍ഡന്‍. ”ഞങ്ങള്‍ക്കുള്ള വിതരണം വെള്ളിയാഴ്ച രാത്രി ഏഴ്- എട്ട് മണിക്കൂര്‍ വൈകി. കഴിഞ്ഞ രാത്രി ലഭിച്ച സ്റ്റോക്ക് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ്,” ഡോ. ബലുജ പറഞ്ഞു. 215 കോവിഡ് രോഗികളാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

അതിനിടെ, സര്‍ ഗംഗാ റാം ആശുപത്രിയിലെ 25 കോവിഡ് രോഗികളുടെ മരണം ഓക്‌സിജന്റെ കുറവ് മൂലമാണെന്ന് ആശുപത്രി അധികൃതര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. നിലവില്‍ 516 കോവിഡ് -19 രോഗികളുണ്ടെങ്കിലും അരമണിക്കൂര്‍ ഉപയോഗത്തിനുള്ള ഓക്‌സിജന്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ്. റാണ പറഞ്ഞു.

”രോഗികള്‍ ക്ലേശിക്കുകയാണ്. ആളുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരുന്നതു കണ്ട് ഞങ്ങള്‍ക്ക് സങ്കടമുണ്ട്. ആശുപത്രി ഇപ്പോഴും എല്ലാ അധികൃതരെയും നോഡല്‍ ഓഫീസര്‍മാരെയും സമീപിക്കുന്നുണ്ടെങ്കിലും ഒരു സഹായവും വരുന്നില്ല. കഴിഞ്ഞ രാത്രി മുതല്‍ ഞങ്ങള്‍ നൂറുകണക്കിന് കോളുകള്‍ വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല. പ്രതിസന്ധികളില്‍ ബന്ധപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനും സഹായത്തിനില്ല. ‘ഞങ്ങള്‍ക്ക് പരാതി കൈമാറാന്‍ മാത്രമേ കഴിയൂ’എന്നാണു മറുപടി,” എന്നും ഡോ. റാണ പറഞ്ഞു.

സ്ഥിതി ഗുരുതരമാണെന്നു പറഞ്ഞ അദ്ദേഹം സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ഒരു നോഡല്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ കോവിഡ് കാല ആശുപത്രി കാഴ്ച

ന്യൂഡല്‍ഹി: പാര്‍വതി ദേവി, ഓം ദത്ത് ശര്‍മ, ദീപക്…അപരിചിതരായിരുന്ന മൂന്നുപേര്‍. എന്നാല്‍ അടുത്ത നിമിഷം, ജീവിതത്തിനുവേണ്ടിയുള്ള പൊരുതലില്‍ ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടറില്‍ അവര്‍ ബന്ധിപ്പിക്കപ്പെട്ടു. ഡല്‍ഹി ജിടിബി ആശുപത്രിക്കു പുറത്തെ വെള്ളിയാഴ്ചത്തെ കാഴചയായിരുന്നു ഇത്.

ഇങ്ങനെ നിരവധി രോഗികളാണു ഡല്‍ഹിയില്‍ പ്രാണവായുവിനുവേണ്ടി കേഴുന്നത്. ആശുപത്രിക്കു പുറത്ത് വെറും നിലത്ത് കിടന്നാണ് ഓം ദത്ത് ശര്‍മയ്ക്ക് മറ്റു രണ്ടുപേരുമായും ഓക്‌സിജന്‍ സിലിണ്ടര്‍ പങ്കുവയ്‌ക്കേണ്ടി വന്നത്.

Read More: ഒരൊറ്റ ഓക്‌സിജന്‍ സിലിണ്ടര്‍, പങ്കിട്ട് മൂന്നുപേര്‍; ഇതാണ് ഡൽഹിയിലെ കോവിഡ് കാല ആശുപത്രി കാഴ്ച

നിയന്ത്രണങ്ങൾ പാലിക്കാതെ കുതിരയോട്ട മത്സരം; പൊലീസ് കേസെടുത്തു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് തത്തമംഗലത്ത് കുതിരയോട്ട മത്സരം നടത്തിയത്. മത്സരം കാണാനായി റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചു കൂടി.

ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറിയതായും റിപ്പോർട്ടുണ്ട്. പൊലീസ് ഇടപെട്ടാണ് മത്സരം നിർത്തിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ച് കുതിരയോട്ട മത്സരം സംഘടിപ്പിച്ച സംഘാടകർ അടക്കം 100 പേർക്കെതിരെ കേസെടുത്തു.

Read More: നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പാലക്കാട്ട് കുതിരയോട്ട മത്സരം; പൊലീസ് കേസെടുത്തു

വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം. വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Read More: വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന

കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ ആരംഭിക്കുമ്പോൾ, രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്സിനായി നല്‍കേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 600 രൂപ എന്നത് മറ്റേത് രാജ്യത്തെക്കാൾ ഉയർന്നതാണ്.

കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിലയിലെ വ്യത്യാസംവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Read More: കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില

റെയിൽവേc ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിനിടയിലും പാസഞ്ചര്‍, ചരക്ക് ട്രെയിനുകള്‍ ഓടിക്കുന്നത് തുടരുന്ന റെയില്‍വേയ്ക്കു പ്രതിസന്ധിയായി ജീവനക്കാര്‍ക്കിടയിലെ അതിവേഗ കോവിഡ് വ്യാപനം. ഏതാനും ആഴ്ചകളിലായി 93,000ല്‍ ഏറെ ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചു. രണ്ടാം തരംഗത്തില്‍ രാജ്യം കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ സര്‍വിസുകള്‍ മുടങ്ങാതിരിക്കാന്‍ ജീവനക്കാരെ സമര്‍ഥമായി ഉപയോഗിക്കുകയാണ് റെയില്‍വേ.

ഓക്‌സിജന്‍ വഹിക്കുന്ന ടാങ്കറുകളടങ്ങിയ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ തുടക്കമിട്ടിരിക്കുകയാണ് റെയില്‍വേ. ഇതിനിടയില്‍ കോവിഡ് ബാധിച്ച് ജീവനക്കാരുടെ സേവനത്തില്‍ കുറവുണ്ടാകുന്നത് റെയില്‍വേയ്ക്കു വെല്ലുവിളിയാകും.

Read More: ജീവനക്കാർക്കിടയിൽ അതിവേഗ കോവിഡ് വ്യാപനം; റെയിൽവേയ്ക്കു വെല്ലുവിളി

കോവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം: ചെന്നിത്തല

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിൽ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: കോവിഡ് പ്രതിരോധത്തിൽ സർക്കാരിനൊപ്പം; ബഡായിയിൽ ഒതുങ്ങരുതെന്ന് ചെന്നിത്തല

ബെംഗളൂരുവിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ബെംഗളൂരുവില്‍ സ്ഥിതി നിയന്ത്രണാതീതം. ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ലഭിക്കുന്നതിനായി കാത്തുകിടക്കുന്ന നിരവധി രോഗികള്‍ മരിക്കുന്ന വാര്‍ത്തകളാണു ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു പുറത്തുവരുന്നത്.

ഓക്‌സിജന്‍ സൗകര്യമുള്ള കിടക്ക ലഭിക്കുന്നതിനായി ആശുപത്രികളുടെ റിസപ്ഷനില്‍ ഓക്‌സിജന്‍ മെഷീനുകളില്‍ കെട്ടിവച്ച വീല്‍ചെയറുകളില്‍ മൂന്നുദിവസമായി രോഗികള്‍ ഇരിക്കുന്ന സംഭവങ്ങളുമുണ്ട്.

ആശുപത്രി കിടക്കകള്‍, പ്രത്യേകിച്ച് ഐസിയു വെന്റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലാത്തതു നഗരത്തില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിച്ചുവരുന്നതിനു കാരണമാവുകയാണ്. ഇന്നലെ മാത്രം 124 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആദ്യമായാണ് മരണം നൂറ് കടക്കുന്നത്.

Read More: ബെംഗളൂരുവിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീതം; ഇന്നലെ 124 മരണം

ഇന്നും മൂന്ന് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍, 2,624 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായ നാലാം ദിവസവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. ആകെ മരണ സംഖ്യ 1,89,544. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ദേശീയ തലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം തുടരുന്നതിനിടെ, ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിൽ 20 രോഗികൾ ഒറ്റരാത്രികൊണ്ട് മരിച്ചു. 30 മിനിറ്റ് ഓക്സിജൻ വിതരണം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആശുപത്രിയിലെ 200 ഓളം കോവിഡ് -19 രോഗികളാണ് നിലവിൽ ഓക്സിജനെ ആശ്രയിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രതിദിന കോവിഡ് മരണം 5000 ആയി ഉയരുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വാഷിങ്ടൺ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍ (ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona virus covid 19 india kerala news wrap april 24

Next Story
വാരാന്ത്യ നിയന്ത്രണങ്ങൾ നിലവിൽ; പരിശോധന കർശനമാക്കി പൊലീസ്kerala inter district travel pass, kerala inter district travel pass, kerala travel pass, kerala travel pass apply online, kerala travel e pass, kerala travel pass police, kerala travel guidelines, kerala travel pass online, kerala travel police pass, Kerala Lockdown, Police travel pass, പോലീസ് യാത്ര പാസ്, self declaration format, സത്യവാങ്മൂലം, how to apply for police travel pass, ട്രാവല്‍ പാസിന് എങ്ങനെ അപേക്ഷിക്കാം, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം, epass kerala, epass kerala police, epass status check, e pass apply online, e pass apply, e pass apply online kerala, e pass kerala police, e pass kerala, kerala e pass online, e-Curfew Pass, e pass, kerala e pass, kerala police pass, travel pass, covid, covid lockdown, lockdown travel pass, pass bsafe kerala gov in, online pass, online pass kerala, ഇ പാസ്, യാത്രാ പാസ്, പാസ്, പോലീസ് പാസ്, ട്രാവൽ പാസ്, ഇ പാസ് കേരള, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com