തിരുവനന്തപുരം: കേരളത്തിൽ കൊറോണ വെെറസ് ബാധ സംശയത്തെ തുടർന്ന് 1116 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ.  967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ 270 പേർ പ്രെെമറി കോൺടാക്‌ട് ലിസിറ്റിലും 449 പേർ സെക്കൻഡറി കോൺടാക്‌ട് ലിസ്റ്റിലും നിരീക്ഷണത്തിലാണ്. കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവരാണ് പ്രെെമറി കോൺടാക്‌ട് ലിസ്റ്റിലുള്ളത്.

പത്തനംതിട്ടയിൽ അഞ്ച് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംശയമുള്ള 807 പേരുടെ രക്‌ത സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 717 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആണ്. പ്രായമായവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അതീവ ജാഗ്രതയാണ് വേണ്ടതെന്നും കെ.കെ.ശെെലജ പറഞ്ഞു.

Read Also: കണ്ണാന കണ്ണേ, കണ്ണാന കണ്ണേ, എൻ മീത് സായ വാ… കൺമണിയ്ക്ക് ഒപ്പം സ്നേഹ; ചിത്രങ്ങൾ

തിരുവനന്തപുരത്തും കോഴിക്കോടും സാംപിളുകൾ പരിശോധിക്കാനുള്ള അനുമതി ലഭിച്ചതായും നാളെ മുതൽ അവിടെ സാംപിൾ പരിശോധന ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗം മറച്ചുവയ്‌ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ 21 സാംപിൾ ഫലങ്ങൾ നെഗറ്റീവാണെന്നും 19 സാംപിൾ ഫലങ്ങൾ കൂടി അറിയാനുണ്ടെന്നും ജില്ലാ കലക്‌ടർ ടി.ബി.നൂഹ് പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. ഇത്തരത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും രോഗലക്ഷണങ്ങളുള്ളവരും രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴുകുന്നവരും മാത്രമാണ് മാസ്‌ക് ധരിക്കേണ്ടതെന്നും മാസ്‌കുകൾക്ക് അമിത വില ചുമത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വ) അവധിയായിരിക്കും. ജില്ലാ കലക്‌ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ, എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവയ്‌ക്ക് മാറ്റമില്ല. നാളെ മുതലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നത്. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. 14 ദിവസത്തേക്ക് മാറ്റി വയ്ക്കാനാണ് നിര്‍ദേശം. വിനോദയാത്രകളും അനുവദിക്കില്ല. ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതും ഇവര്‍ 3000-ത്തോളം പേരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടാതെ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോ മെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook