കോട്ടയം: ഗ്രീൻ സോണിലായിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടിയതോടെ അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്. ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ ഇളവുകൾ പൂർണമായും പിൻവലിച്ചു. ഇടുക്കിയിൽ വനമേഖലകളിലൂടെയുളള ഇടവഴികൾ അടച്ചു. അതിർത്തി കടന്നെത്തുന്ന ഡ്രൈവർമാരെ പ്രത്യേകം ശ്രദ്ധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ഇന്ന് ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂവെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കണം. ഹോട്ട്സ്പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്നും നിർദേശമുണ്ട്. വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമെടുക്കും.

Read Also: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിനടുത്ത്

കോട്ടയം ജില്ലയിൽ വിജയപുരം പനച്ചിക്കാട്, മണർകാട് ഗ്രാമപഞ്ചായത്തുകളും നഗരസഭയിലെ 2, 20, 29, 36, 37 വാർഡുകളും ഹോട്ട്സ്പോട്ടുകളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ 5 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ അയ്മനം, അയർക്കുന്നം, വെളളൂർ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളെ കൂടി പുതുതായി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

കോട്ടയത്ത് 5 പേർക്കും ഇടുക്കിയിൽ 6 പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കോട്ടയത്ത് മൊത്തം ചികിത്സയിലുളളവർ 11 ആയി. ഇടുക്കിയിൽ 10 പേരാണ് ചികിത്സയിലുളളത്. ഇടുക്കിയിൽ ഡോക്ടർ ഉൾപ്പെടെ 3 ആരോഗ്യപ്രവർത്തകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖലയിലുളളവർ ജാഗ്രതയിലാണ്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം എട്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.