കോഴിക്കോട്: കൊറോണ വെെറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ചെെനയിൽ നിന്നെത്തിയ മലയാളികളിൽ ചിലർ. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അനുസരിക്കാതെ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ വിദേശത്തേക്ക് പോയി. ഇത്തരമൊരു വിവരം ലഭിച്ചതായി കോഴിക്കോട് ഡിഎംഒ ഡോ.വി.ജയശ്രീ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

കൊറോണ വെെറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഇതു വകവയ്ക്കാതെയാണ്  കോഴിക്കോട് സ്വദേശികളായ രണ്ടു പേർ സൗദി അറേബ്യയിലേക്കു പോയത്.

Read Also: ഇത് മുംബൈയുടെ ‘ഷഹീൻ ബാഗ്’; നാഗ്പാഡ പ്രതിഷേധം 9ാം ദിവ സത്തിൽ

ചെെനയിൽ നിന്നെത്തിയവർ 28 ദിവസത്തെ നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കൊറോണ വെെറസ് ബാധയുടെ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ പോലും നിരീക്ഷണം അത്യാവശ്യമാണെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിദേശത്തേക്ക് പോയവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. വീടുകളില്‍ കഴിയുന്നവരുടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിച്ചു. ചൈനയില്‍ നിന്നെത്തിയ അറുപത് പേരാണ് കോഴിക്കോട് നഗരപരിധിയിലുള്ളത്. ഇവരില്‍ 58 പേരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ആകെ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ

അതേസമയം, ചെെനയിൽ 360 പേരുടെ മരണത്തിനു ഇടയാക്കിയ കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി കഴിഞ്ഞദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ കഴിഞ്ഞ ദിവസം പറഞ്ഞു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മൂന്ന് ജില്ലകളിലാണ് കൊറോണ കേസുകൾ ഇതുവരെ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊറോണ വെെറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണ ബാധിച്ച് ആരും മരിക്കാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നതെന്ന് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിഭിന്നമായി ജാഗ്രതയോടെയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നതെന്നും കെ.കെ.ശെെലജ വ്യക്തമാക്കി.

ചെെനയിൽ നിന്നെത്തിയവർക്ക് കർശന നിർദേശങ്ങളാണ് മന്ത്രി നൽകിയത്. ചെെനയിൽ നിന്നു നാട്ടിലെത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ സമീപിക്കണം. അവർ നിരീക്ഷണത്തിലായിരിക്കണം. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ല. ചെെനയിൽ നിന്നെത്തിയവർ പൊതു പരിപാടികൾക്ക് യാതൊരു കാരണവശാലും പോകരുത്. കൊറോണ ബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ചിലപ്പോൾ വെെറസ് ശരീരത്തിൽ ഉണ്ടായെന്ന് വരാം. വേണ്ടത്ര നിരീക്ഷണങ്ങൾക്ക് ശേഷമേ അത് പറയാൻ സാധിക്കൂ. അതുകൊണ്ട് ചെെനയിൽ നിന്നെത്തിയവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Read Also: ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി പൃഥ്വി ഷാ, ഏകദിനത്തിൽ രോഹിത്തിനുപകരം മായങ്ക്

കേരളത്തിൽ നിന്നു ഇതുവരെ 140 സാംപിളുകൾ അയച്ചു. 49 എണ്ണത്തിന്റെ റിസൽട്ടാണ് ലഭിച്ചത്. അതിൽ മൂന്നെണ്ണം പോസിറ്റീവ് ആണ്. ബാക്കി എല്ലാം നെഗറ്റീവ്. കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെമ്പാടും 2239 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 84 പേരാണ് ആശുപത്രിയിലുള്ളത്. 2155 പേർ വീടുകളിലും.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകൾ സജ്ജമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.