കൊച്ചി: കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് സ്വദേശി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു. വിനോദ സഞ്ചാരത്തിനായാണ് ഇയാൾ നേരത്തെ കേരളത്തിലെത്തിയത്. ഇവിടെവച്ച് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പിന്നീട് വിമാനത്തിൽ തിരിച്ചിറക്കി. ഇദ്ദേഹമുൾപ്പടെ വിമാനത്തിലുണ്ടായിരുന്നു 270 യാത്രക്കാരെയും തിരിച്ചിറക്കി പരിശോധിച്ചിരുന്നു. 19 അംഗ സംഘത്തോടൊപ്പമാണ് ഇയാൾ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. ബാക്കിയുള്ളവർ യാത്ര തുടങ്ങി.

അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാൾ ദുബായ് എമിറേറ്റ്സ് വിമാനത്തിലും കയറി. എന്നാൽ പിന്നീട് പരിശോധനയിൽ ഇയാളെ പുറത്തിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചു. ആശുപത്രിയിലെത്തിച്ചാണ് എല്ലാവരേയും പരിശോധിച്ചത്.

ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് അധികൃതർ നേരത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചായിരുന്നു യാത്ര. മാർച്ച് 10 മുതൽ മൂന്നാറിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാർച്ച് ഏഴിനാണ് കേരളത്തിലെത്തിയത്.

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരനിൽ നിന്ന് സഞ്ചാരപാത സംബന്ധിച്ച വിവരങ്ങളറിയാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം തുടരുകയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഇയാളുടെ സഞ്ചാരപാത തയ്യാറാക്കുകയും ഇടപഴകിയ ആളുകളെ കണ്ടെത്താനുമാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

വിദേശിയുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഇറ്റാലിയൻ ഭാഷ അറിയാവുന്നവരുടെ സഹായം ഉദ്യോഗസ്ഥർ തേടികഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ഇറ്റാലിയൻ സ്വദേശി വർക്കലയിൽ റിസോർട്ടിൽ താമസിക്കുന്നതിനിടയിലാണ് വൈറസ് ബാധ സംശയത്തെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായത്. പിന്നീട് ഇദ്ദേഹത്തിൽ കൊറോണ കേസ് പൊസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.