പത്തനംതിട്ട: കൊറോണ (കോവിഡ് 19) സംശയിച്ച് ആശുപത്രിയിൽ കഴിയുന്ന ആൾ ചാടിപ്പോയി. പത്തനംതിട്ട ജനറലാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവാണ് ചാടിപ്പോയത്. ഇയാൾക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയാണ് ചാടിപ്പോയത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലായിരുന്നു ഇയാൾ.

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ടോയ്‌ലറ്റിലടക്കം ആശുപത്രി അധികൃതർ തെരച്ചിൽ നടത്തി. ഉടൻ ഇയാളെ കണ്ടെത്താൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

അതേസമയം, സംസ്ഥാനത്തെ സ്ഥിതി ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറൻസ് നടത്തും. ഒൻപതാം ക്ലാസുവരെയുള്ളവരുടെ പരീക്ഷകൾ മാറ്റിവയ്‌ക്കണോ എന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

Read Also: പെൺകുട്ടി തനിച്ച് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് രജിത് കുമാർ

കേരളത്തിൽ കൊറോണ വെെറസ് ബാധ സംശയത്തെ തുടർന്ന് 1116 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ 270 പേർ പ്രെെമറി കോൺടാക്‌ട് ലിസിറ്റിലും 449 പേർ സെക്കൻഡറി കോൺടാക്‌ട് ലിസ്റ്റിലും നിരീക്ഷണത്തിലാണ്. കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവരാണ് പ്രെെമറി കോൺടാക്‌ട് ലിസ്റ്റിലുള്ളത്.

പത്തനംതിട്ടയിൽ അഞ്ച് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംശയമുള്ള 807 പേരുടെ രക്‌ത സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 717 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആണ്. പ്രായമായവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അതീവ ജാഗ്രതയാണ് വേണ്ടതെന്നും കെ.കെ.ശെെലജ പറഞ്ഞു.

Read Also: പാട്ട് പാടിയിട്ട് കാര്യമില്ല, വൃത്തിയും വെടിപ്പും വേണം; അമൃതക്കെതിരെ ദയ

തിരുവനന്തപുരത്തും കോഴിക്കോടും സാംപിളുകൾ പരിശോധിക്കാനുള്ള അനുമതി ലഭിച്ചതായും നാളെ മുതൽ അവിടെ സാംപിൾ പരിശോധന ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗം മറച്ചുവയ്‌ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ 21 സാംപിൾ ഫലങ്ങൾ നെഗറ്റീവാണെന്നും 19 സാംപിൾ ഫലങ്ങൾ കൂടി അറിയാനുണ്ടെന്നും ജില്ലാ കലക്‌ടർ ടി.ബി.നൂഹ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.