കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.  കോവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസ്.

രോഗവ്യാപനം അതീവ ഗുരുതരമായി തുടരുന്നു

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് 794 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് സമ്പർക്കം വഴിയുള്ള രോഗബാധ സ്ഥിരീഗരിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധിക്കുന്നതും ആശങ്കവർധിപ്പിക്കുന്നുണ്ട്. ഇന്ന് മാത്രം 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 182 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Kerala Covid-19 Tracker: കേരളത്തിൽ ഇന്ന് 794 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്

 • തിരുവനന്തപുരം – 182
 • കോഴിക്കോട് – 92
 • കൊല്ലം – 79
 • എറണാകുളം – 72
 • ആലപ്പുഴ – 53
 • മലപ്പുറം – 50
 • പാലക്കാട് – 49
 • കണ്ണൂര്‍ – 48
 • കോട്ടയം – 46
 • തൃശൂർ – 42
 • കാസര്‍ഗോഡ് – 28
 • വയനാട് – 26
 • ഇടുക്കി – 24
 • പത്തനംതിട്ട – 3

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം-170 -, കൊല്ലം-71, എറണാകുളം-59 , കോഴിക്കോട് -44, കോട്ടയം -38, പാലക്കാട് -29 , ആലപ്പുഴ -24, തൃശൂര്‍-22 , കണ്ണൂര്‍-15, ഇടുക്കി- 14, മലപ്പുറം-13, കാസര്‍ഗോഡ്-11, വയനാട് – 7, പത്തനംതിട്ട-2.

രോഗമുക്തി നേടിയവർ

പാലക്കാട്-93, തൃശൂര്‍-45, മലപ്പുറം-35 (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം -19 (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട- 16 , കാസര്‍ഗോഡ്-10, ആലപ്പുഴ- 9, എറണാകുളം-8 (ആലപ്പുഴ 1), കോഴിക്കോട് -4(പത്തനംതിട്ട 1), കണ്ണൂര്‍-4 (കോഴിക്കോട് 1) , തിരുവനന്തപുരം- 2.

1,65,233 പേർ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,65,233 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7710 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

14,640 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 98,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 94,016 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

പുതിയ 20 ഹോട്ട് സ്പോട്ട്

സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങൾ കൂടി ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; മെഡിക്കൽ കോളേജുകൾ പ്രതിസന്ധിയിൽ

ഡോക്ടർമാരും നഴ്സ്മാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരവധി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ ഒരു നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ നഫ്രോളജി വിഭാഗം താത്കാലികമായി അടച്ചു.

പരിശോധനക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകുകയും ചെയ്തു. തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ 25 ഡോക്ടർമാർ ഉൾപ്പെടെ 55 ജീവനക്കാർ നിരീക്ഷണത്തിലാണ്. കണ്ണൂ‍ർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെയും പിജി വിദ്യാർത്ഥിയെയും കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ജോലിചെയ്ത 50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി

പാലക്കാട് ഭയാനക സാഹചര്യമെന്ന് മന്ത്രി എ.കെ.ബാലൻ

പാലക്കാട് ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ജില്ലയിൽ ഭയാനകമായ സാഹചര്യമാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ജാഗ്രതക്കുറവുണ്ടായാൽ സൂപ്പർ സ്‌പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും നീങ്ങുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പട്ടാമ്പി ക്ലസ്‌റ്ററായി രൂപപ്പെട്ടെന്ന് മന്ത്രി അറിയിച്ചു. അനുബന്ധ ക്ലസ്‌റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കിൽ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 67 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ചക്കുപളളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് (50 വയസ്) കോവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 44 ആയി.  ഇന്നു മരിച്ച തങ്കരാജ് കടുത്ത ഹൃദ്രോഗിയായിരുന്നു. തങ്കരാജിനെ ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

എറണാകുളം മാർക്കറ്റ് നാളെ തുറക്കും

എറണാകുളം മാർക്കറ്റ് ലോക്ക്ഡൗണിനു ശേഷം നാളെ മുതൽ തുറന്നു പ്രവർത്തിക്കും. മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

 1. 50% കടകൾ മാത്രമേ തുറക്കാവൂ.
  എല്ലാ കട ഉടമകളും 2 മീറ്റർ ദൂരം പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തി സാമൂഹിക അകലം ഉറപ്പാക്കണ്.
 2. സാമൂഹിക അകലം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഉടമകളുടേതാണ്.
 3. എല്ലാ കട ഉടമകളും സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് സൂക്ഷിക്കണം.
 4. മാസ്കില്ലാത്ത ആളുകളെ മാർക്കറ്റിനുള്ളിൽ അനുവദിക്കില്ല.
 5. ഓരോ മാർക്കറ്റിനും നിശ്ചയിച്ചിട്ടുള്ള പ്രവേശനത്തിനും പുറത്തുപോവാനുമുള്ള വഴികൾ, ചില്ലറ വ്യാപാരികൾക്കുള്ള പാർക്കിംഗ് ഏരിയ എന്നിവ അടയാളപ്പെടുത്തും. എല്ലാ എൻ‌ട്രി, എക്സിറ്റ് പോയിൻറുകളും അടയ്‌ക്കേണ്ടതാണ്.
 6. വാഹനം സുഗമമായി പോവാൻ എൻട്രി, എക്സിറ്റ് പോയിന്റ്, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ ഏകോപനം ആവശ്യമാണ്.
 7. മാർക്കറ്റ് സമയം – കേരളത്തിന് പുറത്ത് നിന്ന് വരുന്ന ലോറികളിൽ നിന്ന് രാവിലെ 4 മുതൽ 7 വരെ സാധനങ്ങളിറക്കാം. ചില്ലറ വ്യാപാരികൾക്ക് അനുവദിച്ച സമയം രാവിലെ 7 മുതൽ 11 വരെ, ഉപഭോക്താക്കൾക്കായി രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ.
 8. എല്ലാ ദിവസവും കമ്പോളം അണുവിമുക്തമാക്കണം.
 9. മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.
 10. കടകളുടെ പട്ടിക മുൻ‌കൂട്ടി ശേഖരിക്കേണ്ടതും പോലീസ് ബീറ്റ് ടീം ആ ഷോപ്പുകൾ മാത്രം തുറക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുുമാണ്.
  ട്രക്ക് ഡ്രൈവർമാർ പ്രാദേശിക ജനങ്ങളുടെ ഇടയിൽ ഇടപഴകരുത്, വാഹനത്തിനുള്ളിൽ മാത്രം തുടരുകയും ചെയ്യും.
 11. കട ഉടമകൾ ഡ്രൈവർമാർക്ക് ഡിസ്പോസിബിൾ ഗ്ലാസുകളിലും പ്ലേറ്റുകളിലും മാത്രം ചായയും ഭക്ഷണസാധനങ്ങളും നൽകുകയും മാലിന്യങ്ങൾ ശരിയായി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം
 12. സാമൂഹിക അകലം ഉറപ്പാക്കാനും പ്രാദേശിക ജനങ്ങളുമായി ഇടപഴകുന്നത് തടയാനും മാർക്കറ്റ് ഏരിയയ്ക്കുള്ളിൽ ബൈക്ക് പട്രോളിംഗ് നീക്കുക.
 13. ചില ടോയ്‌ലറ്റുകൾ മാർക്കറ്റിനുള്ളിലെ ട്രക്ക് ഡ്രൈവർമാർക്ക് മാത്രമായി ക്രമീകരിക്കണം.
 14. ചരക്കിറക്കൽ പൂർത്തിയായാൽ, ട്രക്ക് ഡ്രൈവർമാർ ഉടൻ ട്രക്കുമായി തിരിച്ച് പോവണം.
 15. ഏതെങ്കിലും ട്രക്ക് ഡ്രൈവർമാർക്ക് റിട്ടേൺ ലോഡ് ഉണ്ടെങ്കിൽ, എസ്എച്ച്ഒകൾ കണ്ടെത്തിയ പ്രത്യേക മുറിയിലേക്ക് മാറ്റണം.

കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ

കോട്ടയം ജില്ലയിൽ നാല് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ. ചങ്ങനാശേരി നഗരസഭയിലെ 31,33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വാർഡ് 18, കോട്ടയം നഗരസഭയിലെ 46-ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്‌ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.

ഏറ്റുമാനൂരിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടാൻ തീരുമാനം. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത ജെഡിഎസ് നേതാവിന് കോവിഡ്

കാസർഗോഡ് ജില്ലയിൽ ജെഡിഎസ് നേതാവായ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 ന് നടന്ന എല്‍ഡിഎഫ് കമ്മിറ്റി യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ യോഗത്തിൽ പങ്കെടുത്ത സിപിഎം-സിപിഎ ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കോവിഡ് പരിശോധന നടത്തി വരുകയാണ്. പരിശോധന നടത്തി ഫലം നെഗറ്റീവായെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അറിയിച്ചു.

പ്രോട്ടോക്കോൾ ലംഘനം; ഏറ്റുമാനൂർ ചന്തയിൽ തൊഴിലാളികള്‍ക്കെതിരെ കേസ്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ വിലക്ക് ലംഘിച്ച് ചന്തയിൽ പ്രവേശിച്ച നാല് തൊഴിലാളികൾക്കെതിരെ കേസെടുത്തു. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചന്ത അടച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിങ്ങവനത്ത് പൊലീസ് സ്റ്റേഷനില്‍ കോവിഡ് രോഗിഎത്തിയതോടെ നാല് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കോട്ടയത്ത് 239 രോഗികളാണ് ചികിത്സയിലുള്ളത്.

കൊണ്ടോട്ടിയില്‍ മത്സ്യവുമായി എത്തിയ ആള്‍ക്ക് രോഗം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മലപ്പുറത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്കാണ്. 1,132 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേരാണ്.

എറണാകുളത്ത് പുതിയ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്ന രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത്‌ വാർഡ് (11), മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത്‌ വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണാണ്. അതേസമയം എടത്തല പഞ്ചായത്തിലെ‌ 5, 14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ‌ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻന്റ് സോണിൽ നിന്ന് ഒഴിവാക്കി.

രാജാക്കാട് സാമൂഹ വ്യാപനത്തിന്റെ വക്കില്‍

ഇടുക്കി ജില്ലയിലെ രാജാക്കാട് സമൂഹ വ്യാപനത്തിന്റെ വക്കിൽ. ഇന്നലെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജാക്കാട്ടെ കോവിഡ് രോഗികളുടെ എണ്ണം 36 ആയി. ഇടുക്കിയിലെ ഏക ക്ലസ്റ്ററായ രാജാക്കാട്ടിൽ സമ്പർക്കത്തിലൂടെ രോഗം വന്നവരാണ് കൂടുതലും. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടി രോഗമുള്ളവരെ ഉടനെ നിരീക്ഷണത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാജാക്കാട് പഞ്ചായത്തിലെ ആറ് വാർഡുകൾ ട്രിപ്പിൾ ലോക്ക് ഡൗണിലാണ്. മറ്റ് വാർഡുകളിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. എങ്കിലും ഇനിയും രോഗികളുടെ എണ്ണം കൂടുമെന്ന ആശങ്ക ആരോഗ്യപ്രവർത്തകർ തന്നെ പങ്കുവയ്ക്കുന്നു. പരിശോധന വ്യാപകമാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കണമെന്നാണ് ഇവരുടെയും ആവശ്യം.

ഏറ്റുമാനൂരിൽ പച്ചക്കറി മാർക്കറ്റിലെ ഒരു ഡ്രൈവർക്ക് കൂടി കോവിഡ്

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ കോവിഡ് ആശങ്ക ഉയരുന്നു. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി.

കോഴിക്കോട്ട് 92 പേർക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത്നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി.സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

435 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വില്യാപ്പള്ളി- 12, കോഴിക്കോട് കോര്‍പ്പറേഷന്‍- 11,നാദാപുരം-6,വടകര മുന്‍സിപ്പാലിറ്റി -3,പുതുപ്പാടി-3,മണിയൂര്‍-2,ചങ്ങരോത്ത്-1, ചെക്യാട്-1,തൂണേരി-1,ഏറാമല- 1 എന്നിങ്ങനെയാണ് സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം.

വളയം-1, പെരുമണ്ണ-1, വടകര മുന്‍സിപ്പാലിറ്റി -1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1 എന്നിങ്ങനെയാണ് ഉറവിടം വ്യക്തമാക്കാത്ത രോഗബാധ.

മലപ്പുറത്ത് 50 പേര്‍ക്ക് കൂടി കോവിഡ്

മലപപ്പുറം ജില്ലയിൽ 50 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 13 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 686 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച 108 ആംബുലന്‍സിലെ ഡ്രൈവറുമായി ബന്ധമുണ്ടായ 108 ആംബുലന്‍സിലെ ഡ്രൈവര്‍ കുറ്റിപ്പുറം സ്വദേശി, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ നഴ്സുമായി ബന്ധമുണ്ടായ ആശുപത്രിയിലെ ക്ലാര്‍ക്ക് പൊന്നാനി സ്വദേശി (47) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41), പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവരായ മൂര്‍ക്കനാട് പൂഴിപ്പറ്റ സ്വദേശി (43), പുലാമന്തോള്‍ സ്വദേശി (34), പാലക്കാട് മത്സ്യ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ പെരിന്തല്‍മണ്ണ സ്വദേശി (28), 108 ആംബുലന്‍സിലെ ഡ്രൈവറായ കാവനൂര്‍ സ്വദേശി (30), പാലക്കാട് സ്വകാര്യ ചാനലില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി (38), തലശ്ശേരിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എടയൂര്‍ സ്വദേശി (27) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

കൊണ്ടോട്ടി മത്സ്യ വിതരണ കേന്ദ്രത്തിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച് സാഹചര്യത്തിൽ പ്രദേശത്തെ എം എല്‍ എ ടി.വി ഇബ്രാഹിമിന്റ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയില്‍ നിന്നും കൊണ്ടോട്ടി മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നത്.

Read More: കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷം; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി

പാലക്കാട് 49 പേർക്ക് കോവിഡ്; 93 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ രോഗം തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടുന്നു. ജില്ലയിൽ 93 പേർ രോഗമുക്തി നേടി.

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ എത്തിയവരിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു.

വിദേശത്ത് നിന്ന് വന്ന പല്ലാവൂർ, വണ്ടാഴി, നെന്മാറ, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, ഓങ്ങല്ലൂർ, പറളി സ്വദേശികളും ഇതര സംസ്ഥാനത്ത് നിന്ന് വന്നവരിൽ കുനിശ്ശേരി, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, പുതുപ്പരിയാരം സ്വദേശികളും ഉൾപ്പെടുന്നു.

ഇന്നലെ നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ സാംപിൾ പരിശോധിച്ച് പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആൻറിജൻ പരിശോധന തുടർന്നു വരികയാണ്.
പട്ടാമ്പിയിൽ ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ ഇതുവരെ 39 പേർക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 29 പാലക്കാട് സ്വദേശികൾക്കും 7 തൃശൂർ സ്വദേശികൾക്കും 3 മലപ്പുറം സ്വദേശികൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

പട്ടാമ്പി, മുതുതല സ്വദേശികളായ ആറു പേർ വീതം, നെല്ലായ സ്വദേശികളായ നാലു പേർക്കും ചാലിശ്ശേരി, കപ്പൂർ, പട്ടിത്തറ, തൃത്താല സ്വദേശികളായ രണ്ടു വീതം പേർക്കും ചളവറ, പരുതൂർ, കൊപ്പം,തിരുമിറ്റക്കോട്, നാഗലശ്ശേരി സ്വദേശികളായ ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.

തൃശൂരിൽ 42 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

വേളൂക്കര സ്വദേശിയായ സ്ത്രീ, കോടശ്ശേരി സ്വദേശിയായ 2 വയസ്സുള്ള പെൺകുട്ടി, പുത്തൻചിറ സ്വദേശി (31, പുരുഷൻ), ആലപ്പുഴയിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിൽ വന്ന അന്നമനട സ്വദേശി (47, പുരുഷൻ), സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷൻ) എന്നിവർക്ക് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പി മാർക്കറ്റിലെ പാഞ്ഞാൾ സ്വദേശി (38, പുരുഷൻ), ചൂണ്ടൽ സ്വദേശികളായ (32, 16, 21 വയസ്സുളള പുരുഷൻമാർ), ദേശമംഗലം സ്വദേശി (49, പുരുഷൻ), കടവല്ലൂർ സ്വദേശി(49, പുരുഷൻ), വള്ളത്തോൾ നഗർ സ്വദേശി (56, പുരുഷൻ) എന്നിവർക്കും കുവൈറ്റിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിൽ വന്ന എടത്തിരിത്തി സ്വദേശിക്കും (47, സ്ത്രീ), പുതുക്കാട് സ്വദേശി ( 35, പുരുഷൻ), കൊരട്ടി സ്വദേശി (63, സ്ത്രീ), വേളൂർക്കര സ്വദേശി (35, പുരുഷൻ), കുന്നംകുളം സ്വദേശികളായ (20, പുരുഷൻ), (50, പുരുഷൻ) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 866 ആയി. ഇതു വരെ രോഗമുക്തരായവർ 545 ആണ്. രോഗം സ്ഥിരീകരിച്ച 302 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

പ്രതിദിനം 40,000 കടന്ന് കോവിഡ് രോഗികൾ; രാജ്യം ആശങ്കയിൽ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നു. രാജ്യത്ത് ആദ്യമായി പ്രതിദിനം നാൽപ്പതിനായിരത്തിൽ അധികം പേർക്ക് രോഗം ബാധിച്ചതായി റെക്കോർ ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 40,425 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 681 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,497 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 11,18,043 ആണ്.

അതേസമയം, രോഗമുക്തി നിരക്ക് ആശ്വാസം പകരുന്നതാണ്. രോഗം ബാധിച്ചവരിൽ ഏതാണ്ട് 62.61 ശതമാനം പേർക്കും രോഗമുക്തിയുണ്ടായി. 11 ലക്ഷം രോഗബാധിതരിൽ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. 7,00,087 പേരാണ് ആകെ രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.