കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീതി വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി കെസിബിസി. വിവിധ രൂപതാധ്യക്ഷൻമാർക്ക് കെസിബിസി പ്രത്യേക നിർദേശം നൽകി. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കെസിബിസിയും സിറോ മലബാർ സഭയും സർക്കുലറിൽ അറിയിച്ചു.

കുർബാന മധ്യേ അപ്പവും വീഞ്ഞും നാവിൽ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർ തമ്മിൽ നിശ്ചിത അകലം പാലിക്കണം. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ വരരുത്. പൊതു ക്ലാസുകളും സെമിനാറുകളും നടത്തരുത്. ദേവാലയങ്ങളിൽ ഹന്നാൻ വെള്ളം വയ്‌ക്കുന്ന പതിവ് നിർത്തലാക്കുക. കുർബാന മധ്യേ സമാധാനം ആശംസിക്കുമ്പോൾ പരസ്‌പരം സ്‌പർശിക്കാത്ത തരത്തിൽ ആയിരിക്കണം. നിരവധി ആളുകൾ കൂടുന്ന പരിപാടികളും ശുശ്രൂഷകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Read Also: പക്ഷിപ്പനിയും കൊറോണയും: കോഴിവില കുത്തനെ ഇടിയുന്നു

മാർച്ച് മാസത്തിൽ പല ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോട് അനുബന്ധിച്ച് ഊട്ടുനേർച്ച നൽകുന്ന പരിപാടിയുണ്ട്. നിരവധിപേർ വരാൻ സാധ്യതയുള്ള ചടങ്ങായതിനാൽ ഊട്ടുനേർച്ച മാറ്റിവയ്‌ക്കണമെന്ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ.ആൻഡ്രൂസ് താഴത്ത് അറിയിച്ചു. എന്നാൽ, മരണത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള കുർബാനയും മറ്റ് തിരുക്കർമ്മങ്ങളും നടത്താവുന്നതാണെന്ന് സർക്കുലറിൽ പറയുന്നു.

കൂടുതൽ ജനങ്ങൾ ഒത്തുകൂടുന്ന കൺവെൻഷനുകൾ, തിരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. ദേവാലയങ്ങളിൽ പൊതു വണക്കത്തിനായി സ്ഥാപിച്ചിട്ടുള്ള കുരിശ്, രൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവ തൊട്ടു ചുംബിക്കുന്നത് ഒഴിവാക്കുക. പകരം കെെ കൂപ്പി വണങ്ങുക. വെെദികന്റെ ഊറാറ ചുംബിക്കുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദേശത്തു നിന്നു എത്തിയവർ ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കരുത് എന്നും നിർദേശമുണ്ട്.

കുമ്പസാരം നടത്തുമ്പോൾ വെെദികനും കുമ്പസാരിക്കുന്ന വ്യക്‌തിയും തമ്മിൽ നിശ്ചിത അകലം പാലിക്കണം. കുടുംബ യൂണിറ്റുകൾ യോഗം ചേരുന്നത് തൽക്കാലത്തേക്ക് നിർത്തിവയ്‌ക്കണം തുടങ്ങിയ നിർദേശങ്ങളുള്ള സർക്കുലർ കൊച്ചി മെത്രാൻ മാർ.ജോസഫ് കരിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്‌ചകളിൽ നടക്കുന്ന വേദപാഠ ക്ലാസുകളും പരീക്ഷയും നിർത്തിവയ്‌ക്കാനും നിർദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.