കൊറോണ: രജിത് കുമാറിന്റേത് വ്യാജ പ്രചരണം, എയർപോർട്ടിലെത്തിയവരെ അറസ്റ്റ് ചെയ്യും

വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാർ

rajith kumar

കൊച്ചി: ടെലിവിഷൻ ഷോയായ ബിഗ് ബോസിൽ നിന്നു പുറത്തായ രജിത് കുമാർ എന്ന മത്സരാർഥിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാൻ നൂറ് കണക്കിനു ആളുകൾ ഒത്തുചേർന്നത്. ഇതിനെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കലക്‌ടർ നേരത്തെ അറിയിച്ചിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാർ. “സ്വീകരണത്തിന് എത്തിയ രണ്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്‌തു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത് തുടരും. രജിത് കുമാർ ഒളിവിലാണെന്നാണ് സൂചന. ” വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

Read Also: കേരളത്തിൽ മൂന്ന് പേർക്ക് കൂടി കോവിഡ്-19; വ്യാപാര മേഖല നിർജീവമെന്ന് മുഖ്യമന്ത്രി

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരേയും അറസ്റ്റ് ചെയ്യാനാണ് സർക്കാർ നിർദേശം. നാടിനു വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിതെന്ന് മന്ത്രി സുനിൽ കുമാർ തുറന്നടിച്ചു. “രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തുമ്പോഴാണ് ചിലർ ഇങ്ങനെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപഹാസ്യമാണ്. ഇത് അംഗീകരിക്കാൻ സാധിക്കില്ല, ” സുനിൽകുമാർ പറഞ്ഞു.

Read Also: കോപ്രായമാണ് ചെയ്‌തത്, മറുപടി തൃപ്‌തികരമല്ല; ബിഗ് ബോസിൽ നിന്ന് പുറത്തായിട്ടും നിലപാടിലുറച്ച് രേഷ്‌മ

വിമാനത്താവളത്തിലെത്തിയ ശേഷം നല്ല മനസ്സുള്ളവർക്ക് കൊറോണ വരില്ലെന്ന് രജിത് കുമാർ പറഞ്ഞത് അങ്ങേയറ്റം വ്യാജ പ്രചാരണമാണെന്നും അതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona covid 19 vs sunil kumar against rajith kumar bigg boss malayalam 2

The moderation of comments is automated and not cleared manually by malayalam.indianexpress.com