തിരുവനന്തപുരം:കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. പുതിയ കേസുകളൊന്നും ഇന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. സംസ്ഥാനത്ത് 3,313 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ 129 പേർ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

നല്ല ശ്രദ്ധയോടെ സംസ്ഥാനത്ത് കാര്യങ്ങൾ നീങ്ങുന്നുണ്ട്. ഇപ്പോഴത്തെ ജാഗ്രത ഇനിയും തുടരണം. വലിയ അപകടങ്ങളില്ലാതെ കൊറോണ പ്രതിരോധിക്കാമെന്നാണ് പ്രതീക്ഷ. അതിനായി എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കെ.കെ.ശെെലജ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ രോഗബാധിതരുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള നടപടികൾ നന്നായി നടക്കുന്നുണ്ട്. 969 പേരെ ഇങ്ങനെ നിരീക്ഷണത്തിൽ കൊണ്ടുവന്നിട്ടുണ്ട്. വളരെ അടുത്തിടപഴകിയവർ 129 പേരാണ്. ഇവരുടെ രക്‌തസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 13 പേർ അറുപത് വയസ്സിനു മുകളിലുള്ളവരാണ്. അവരെ പ്രത്യേകം ശ്രദ്ധിക്കും. കോട്ടയത്ത് 60 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളത്ത് രോഗികളുമായി ഇടപഴകിയ 131 പേർ നിരീക്ഷണത്തിലാണ്.

Read Also: ഡല്‍ഹി കലാപം; പൊലീസിനെ പിന്തുണച്ചും അഭിനന്ദിച്ചും അമിത് ഷാ

വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. കൊച്ചിയിലാണ് കൂടുതൽ യാത്രക്കാർ എത്തുന്നത്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നു നിരവധി മലയാളികളാണ് കേരളത്തിൽ എത്തുന്നത്. എല്ലാവരേയും നിരീക്ഷിക്കാനാണ് തീരുമാനം. അതിനായി വിമാനത്താവളങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നു എത്തുന്നവർ നിർബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 17 ആണ്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായവരാണ്. 14 പേരാണ് ഇപ്പോൾ കൊറോണ പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇവരുടെ ആരാേഗ്യനില തൃപ്‌തികരമാണ്. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് ഇപ്പോൾ കൊറോണ പോസിറ്റീവ് ആയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.