തൃശൂർ: ജില്ലയിൽ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവുണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ. അപകടകരമായ സാഹചര്യം ജില്ലയിലില്ലെന്നും എന്നാൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൊറോണ അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
ജില്ലയില്‍ വെള്ളിയാഴ്ച്ച 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേര്‍ക്ക് രോഗം ഭേദമായി. ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
Read Also: നിയന്ത്രണങ്ങൾ ലോക്ക്‌ഡൗണിനു സമാനം; തൃശൂർ ജില്ലയിൽ വേണ്ടത് അതീവ ജാഗ്രത
ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ പത്ത് കണ്ടെയ്‌മെന്റ് സോണുകളുണ്ട്. ഇന്ന് മാത്രം 914 പേരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കവിഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റിബോഡി ടെസ്റ്റും ശ്രവ പരിശോധനയും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉടൻ 1000 ആന്റി ബോഡി ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.
Read Also: പോരാടും, അതിജീവിക്കും; എന്റെ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം: രാഹുൽ ഗാന്ധി
ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി കൊവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ ഉള്‍പ്പെടെ ഇറങ്ങിനടക്കുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിൽ ഇന്നലെ മാത്രം 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
മുൻസിപ്പൽ കോർപ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുരിയച്ചിറയിലെ വെയർഹൗസ് ഹെഡ്‌ലോഡിങ് തൊഴിലാളികൾക്കും ഒരു ആംബുലൻസ് ഡ്രെെവറിനും സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂർ പഞ്ചായത്തിൽ ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Read Also: ബസ് ചാർജ് വർധിക്കില്ല; മുൻ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്‌തു
നഴ്‌സിന്റെ സഹോദരന്റെ വീട്ടുകാരും സമീപത്തു നടന്ന പിറന്നാൾ സദ്യയിൽ പങ്കെടുത്ത ചിലരും നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. പഞ്ചായത്തിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരും.
ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212 ആയി. ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. തൽക്കാലത്തേക്കെങ്കിലും ജില്ല സമ്പൂർണമായി അടച്ചിടണമെന്നാണ് തൃശൂർ എംപി ടി.എൻ.പ്രതാപനും ആവശ്യപ്പെട്ടിരുന്നത്.
വെള്ളിയാഴ്ച്ച രാവിലെ മുതൽ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങൾ നിലവിൽവന്നിട്ടുണ്ട്. കൂട്ടം കൂടി നിന്നവരെ പൊലീസ് പിരിച്ചു വിടുകയും തിരക്കേറിയ കടകള്‍ അടപ്പിക്കുകയും ചെയ്തു.
Read Also: തുടർച്ചയായി മാസ്‌ക് ധരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമോ? വസ്‌തുത അറിയാം
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി ഏറ്റവും കൂടുതല്‍ മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൃശ്ശൂര്‍ ജില്ലയുടെ കാര്യത്തിലും വൈറോളജി ലാബ് ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അനില്‍ അക്കര എം.എല്‍.എയും ആവശ്യപ്പെട്ടു.
“തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസ്സുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. വ്യാഴാഴ്ച ആറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്,” അതു കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ തൃശ്ശൂര്‍ ജില്ലയുടെ കാര്യത്തില്‍ പുലര്‍ത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: Horoscope Today June 12, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
ജില്ലയിലെ ഒന്നിലധികം ആരോഗ്യസ്ഥാപനങ്ങൾ, തൃശൂർ കോർപ്പറേഷൻ ഓഫീസ്, രണ്ട് പൊലീസ് സ്റ്റേഷൻ തുടങ്ങിയവയുടെ പ്രവർത്തനം കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലാണ്. ജില്ലയിൽ 13,003 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 155 ആണ്.
Read Also: ചാറ്റുകളിലെ വൈരുദ്ധ്യം; മാലാ പാര്‍വ്വതിയും സീമ വിനീതും സംസാരിക്കുന്നു
വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ (ഒന്നു മുതൽ നാല് വരെയും 16 മുതൽ 32 വരെയും ഉള്ള വാർഡുകൾ) തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകൾ, 41-ാം ഡിവിഷൻ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ പുതിയ കണ്ടെയ്‌ൻമെന്റ് സോണുകളാണ്. വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുള്ള വാർഡുകളും നേരത്തെ കണ്ടെയ്‌ൻമെന്റ് സോൺ പട്ടികയിലുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍
ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
1. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലൂടെയുള്ള വാഹനഗതാഗതം പോലീസ് നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതാണ്.
2. അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.
Read Also: പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി, ട്രോളുമായി സോഷ്യല്‍ മീഡിയ
3. അവശ്യസാധന വില്‍പ്പനകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 മണിവരെ മാത്രം.
4. പൊതുസ്ഥലങ്ങളുടെ നിര്‍വ്വചനത്തില്‍ പെടുന്ന സ്ഥലങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്.
5. വ്യാപാരസ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്നുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കരുത്.
6. പ്ലാന്റേഷന്‍, കെട്ടിടനിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്.
7. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പ്പന കര്‍ശനമായും നിരോധിച്ചു.
ചാവക്കാട് നഗരസഭയിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മണത്തല വില്ലേജ് ഉള്‍പ്പെടുന്ന ചാവക്കാട് നഗരസഭയിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 4 വരെയും 16 മുതല്‍ 32 വരെയുമുള്ള വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. കോവിഡ് 19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലോ ജില്ലയ്ക്കുള്ളിലോ ആയി തീര്‍ച്ചപ്പെടുത്തുന്ന നിയന്ത്രിത മേഖലകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. വാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇതിനു വേണ്ട നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.
Read Also: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കോവിഡ്; മരണം 19
നാഷ്ണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നിര്‍ബന്ധമാക്കി. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഇവിടെ അനുവദിക്കുക. ആശുപത്രികളില്‍ പോകുന്നവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണെന്ന കാര്യം അവിടെ കൃത്യമായി അറിയിക്കണം.
കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നവര്‍ ദിശ ഹെല്‍പ് ലൈനില്‍ (1056, 0471 2552056) വിളിച്ച് വിവരം പറയേണ്ടതും അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ്. കണ്ടെയ്ന്‍മെന്റില്‍ നിന്നും ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അവധി എടുക്കേണ്ടതാണ്. അവധി ലഭ്യമല്ലെങ്കില്‍ ദിശ ഹെല്‍പ് ലൈനില്‍ അറിയിക്കാം.