തിരുവനന്തപുരം: കേരളത്തിന് ഇന്ന് ആശ്വാസദിനം. സംസ്ഥാനത്ത് പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മാഹിയിൽ ഒരു മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 18,011 ആളുകളാണ്. ഇതിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം ആശുപത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തിയത് 65 പേർക്കാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദേശത്തു നിന്ന് എത്തിയവരോടുള്ള സമീപനം ആശാസ്യകരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനം കേരളത്തിൽ ഉണ്ടാകരുത്. നിയമം കയ്യിലെടുക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ സാമ്പത്തിക രംഗത്തെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. വായ്‌പകൾ തിരിച്ചടക്കാൻ ഇളവ് ആവശ്യപ്പെടും. ബാങ്ക് അധികൃതരുമായി ഇതേ കുറിച്ച് സംസാരിക്കും. പ്രളയ സമയത്ത് വായ്‌പകൾ തിരിച്ചടയ്‌ക്കാൻ ഇളവ് നൽകിയതുപോലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകൾ നിലപാട് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതീവ ജാഗ്രത തുടരേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Read Also: കോവിഡ് 19: യൂറോ കപ്പ് മാറ്റിവച്ചു
പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിലെ നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പത്ത് പേരിൽ കൂടുതൽ ഉള്ള മതപരിപാടികൾ നടത്തരുതെന്ന് ജില്ലാ കലക്‌ടർ പി.ബി.നൂഹ് പറഞ്ഞു. ഇക്കാര്യം മതാധികാരികളെ അറിയിച്ചതായും കലക്‌ടർ പറഞ്ഞു. ഇന്നു ലഭിച്ച ഏഴ് രക്തസാംപിൾ ഫലങ്ങളും നെഗറ്റീവ് ആണെന്നും കലക്ടർ പറഞ്ഞു.
കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.