തിരുവനന്തപുരം: കേരളത്തിൽ കൊറോണ (കോവിഡ്-19) ബാധിതരുടെ എണ്ണം വർധിക്കുന്നു. രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നതതല യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. 16 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായിരുന്നു.

വിദേശത്തുനിന്ന് എത്തിയ രണ്ട് പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു എത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്നു എത്തിയ തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 4,180 പേരാണ് നിരീക്ഷണത്തിലുള്ളത്. 1337 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം സ്വദേശിക്കും രോഗലക്ഷണങ്ങളുണ്ട്. കൊറോണ തന്നെയാണെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. സാംപിൾ ഫലം വന്ന ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയിൽ ജാഗ്രതയോടെ നീങ്ങേണ്ട സമയമാണ്. അതിനുവേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സഹകരിക്കണം. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. വ്യാജ സന്ദേശങ്ങൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 270 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഇഎംഎസ്സിനും നായനാർക്കുമിടയിൽ കേരളത്തിന്റെ ആരോഗ്യമന്ത്രി

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പതിനെട്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്‌ത സാംപിളുകൾ പരിശോധിക്കും. ബഹ്‌റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്‌സുമാരാണ്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ മൂവായിരത്തിലേറെ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി.

പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ആപ് മുഖ്യമന്ത്രി പുറത്തിറക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.