കൊച്ചി: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ കേരളം വിടുന്നു. കേരളത്തിൽ കൊറോണ വെെറസ് ബാധ പടരുന്നതിനാലാണ് പലരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നത്. എറണാകുളത്തിൽ നിന്ന് ഇന്ന് നൂറിലേറെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി.

രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ഇനി മടങ്ങിയെത്തിയാൽ മതിയെന്ന് തൊഴിൽ ദാതാക്കൾ തങ്ങളോട് പറഞ്ഞതായി ഇന്ന് നാട്ടിലേക്കു മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ ചിലർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ചിലർ ഭീതി മൂലമാണ് നാട്ടിലേക്ക് മടങ്ങുന്നത്. കേരളത്തില്‍ വിവിധ തൊഴില്‍ മേഖലകള്‍ സ്തംഭിച്ചതും അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു പോക്കിന് കാരണമായി.

Read Also: കൊറോണ: കഴിഞ്ഞ 28 ദിവസത്തിനിടയിൽ വിദേശത്തു നിന്ന് തിരുവനന്തപുരത്ത് എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

അന്യസംസ്ഥാന തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് എറണാകുളം ജില്ലാ ലേബർ ഓഫീസർ പ്രതികരിച്ചു. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ മാത്രമാണ് തൊഴിൽ ഉടമകൾക്ക് നൽകിയിട്ടുള്ളത്. അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോകുന്നതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊഴിലിടങ്ങൾ അടച്ചിടണമെന്ന തരത്തിലുള്ള നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും ലേബർ ഓഫീസർ പറഞ്ഞു.

Read Also: സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ല: പൂജാര

അതേസമയം, കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം 24 അയിട്ടുണ്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച്ചാണിത്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായിരുന്നു. ഇപ്പോൾ 21 പേരാണ് കോവിഡ്-19 പോസിറ്റീവ് അയി ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു ഒരു ഡോക്‌ടർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

വിദേശത്തു നിന്ന് പഠനം കഴിഞ്ഞു മടങ്ങിയെത്തിയ ഡോക്‌ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറിലുള്ള ബ്രിട്ടീഷ് പൗരനും നേരത്തെ കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ ഡോക്‌ടർക്കും ബ്രിട്ടീഷ് പൗരനുമാണ് ഇന്നലെ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.