മലപ്പുറം:  മലപ്പുറം നഗരസഭ പരിധിയിലെ മദ്യശാലകൾ അടച്ചിടാൻ തീരുമാനം. ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും കീഴിലുള്ള മദ്യശാലകൾ അടച്ചിടാനാണ് തീരുമാനമായത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം 31 വരെ മദ്യശാലകൾ അടച്ചിടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.

സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാത്തതിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. ബാറുകളും മദ്യശാലകളും അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നിലപാട്. ബാറുകളിലും മദ്യശാലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും തീരുമാനമെടുത്തിരുന്നു. മദ്യശാലകൾ അടയ്‌ക്കാത്തതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ

അതേസമയം, കേരളത്തിൽ കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് കാൽലക്ഷത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു. കോവിഡ്-19 സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് ആരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നത്. കേരളത്തിലെ പഴുതടച്ച നിരീക്ഷണ സംവിധാനമാണ് കോവിഡ്-19 ന്റെ സാമൂഹ്യവ്യാപനത്തെ ചെറുക്കുന്നത്.

ഇന്നലെ ലഭിച്ച രക്‌ത സാംപിൾ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്ത് ആകെ 25,940 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതിൽ 237 പേർ ആശുപത്രികളിലും 25,603 പേർ വീടുകളിലുമാണുള്ളത്. കേരളത്തിലെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു.

Read Also: കോവിഡ് 19: മരണസംഖ്യ അതിവേഗം ഉയരുന്നു, ഇന്ത്യയിൽ 170 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജനങ്ങൾ കൂട്ടം ചേരുന്നത്‌ പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. രോഗപ്പകർച്ച നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ സ്ഥിതി കൈവിട്ടുപോയിട്ടില്ല, എന്നാൽ എപ്പോൾ വേണമെങ്കിലും ഗുരുതരമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.