തിരുവനന്തപുരം: കേരളത്തിനു ഇന്നു അഭിമാന ദിവസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരാവസ്ഥയിലുള്ള പ്രായമായവരുടെ അടക്കം എട്ട് വിദേശികളുടെ രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകിയെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശികളിൽ പ്രായമായവർ ഉണ്ടായിരുന്നു. ഇവർക്ക് പ്രത്യേക ചികിത്സ വേണ്ടിയിരുന്നു. അവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും കേരളത്തിൽ നൽകി. ഏറെ അഭിമാനം തോന്നുന്ന ദിവസമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായതോടെയാണ് കേരളത്തിലുള്ള വിദേശികൾ എല്ലാവരും രോഗമുക്തി നേടിയത്. ഇതോടെ ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്. രോഗം കുറഞ്ഞതിനെ തുടര്‍ന്ന് ഇവരില്‍ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളില്‍ അവരുടെ നിര്‍ദേശ പ്രകാരം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ഇവര്‍ പറയുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ തിരുവനന്തപുരം എറണാകുളം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

Read Also: കർഫ്യൂ കാലത്ത് രോഗങ്ങൾ ഗണ്യമായി കുറഞ്ഞതായി സൗദിയിലെ ഡോക്ടർമാർ

“60 വയസിന് മുകളിലുള്ളവരെ ലോകത്തുതന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തുമ്പോഴാണ് ഇത്രയേറെ പേരെ അതും വിദേശ പൗരന്‍മാരെ മികച്ച ചികിത്സയിലൂടെ ജീവന്‍ രക്ഷിച്ചെടുക്കാൻ സാധിച്ചത്. റോബര്‍ട്ടോ ടൊണോയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്. ഇവരില്‍ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതുകൂടാതെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസുള്ള യുകെ പൗരനായ ബ്രയാന്‍ നെയിലിനെ പ്രത്യേക ചികിത്സയിലൂടെ രോഗം ഭേദമാക്കിയത്.” ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തു നിന്ന് എത്തിയതാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹ്യവ്യാപനത്തിലേക്ക് രോഗബാധ കടന്നിട്ടില്ല എന്നുകരുതി ആളുകൾ ജാഗ്രത പാലിക്കുന്നത് കുറയ്‌ക്കരുതെന്ന് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.