തിരുവനന്തപുരം: കൊറോണ വെെറസിനെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ കൊറോണ വെെറസ് ബാധയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

അതിനിടയിലാണ് ഇറ്റലിയിൽ നിന്നു എത്തിയ കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ച വിഷയവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നത്. ഇവരെ നിരീക്ഷിക്കുന്നതിൽ ആരോഗ്യവകുപ്പിനു വീഴ്‌ച പറ്റി എന്ന് പ്രതിപക്ഷമടക്കം ആരോപിച്ചിരുന്നു.

കൊറോണയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മന്ത്രി ആരോഗ്യമന്ത്രി കെ കെ ഷൈലജ മറുപടി പറയവേ പ്രതിപക്ഷം ബഹളം വച്ചു.  ഇറ്റലിയിൽ നിന്നു എത്തിയ കുടുംബത്തിനു വീഴ്‌ച പറ്റിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടും ഇവർ അത് മുഖവിലയ്‌ക്കെടുത്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

Read Also: എവിടെയോ കണ്ടുമറന്ന മുഖം; ഇത് സഹീറിനോട് ‘ഐ ലൗ യു’ പറഞ്ഞ പെൺകുട്ടിയോ?

മന്ത്രി സംസാരിക്കുന്നതിനിടെ പലതവണ പ്രതിപക്ഷം ഇടപെട്ടു. പ്രതിപക്ഷ എംഎൽഎയായ ഷാനിമോൾ ഉസ്‌മാനോട് മന്ത്രി രൂക്ഷമായി സംസാരിച്ചു. “ഷാനി, ഇത്തരം കാര്യങ്ങളിലെങ്കിലും ഇങ്ങനെയൊരു ദോഷ്യെെകദൃക്കായി പ്രവർത്തിക്കരുത്” എന്ന് മന്ത്രി പറഞ്ഞു. “ഇതെല്ലാം നാട് കാണുന്നുണ്ട്. വളരെ ചീപ്പാകരുത്,” പ്രതിപക്ഷത്തിനെതിരെ മന്ത്രി നിയമസഭയിൽ പറഞ്ഞു.

മന്ത്രി കൊറോണയെ പറ്റി വിശദീകരണം തുടർന്നു. എന്നാൽ പ്രതിപക്ഷം ബഹളം വയ്‌ക്കാൻ തുടങ്ങി. ഉടനെ മന്ത്രിയുടെ മറുപടിയെത്തി “നിങ്ങൾക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ കേൾക്കാം,” പ്രതിപക്ഷം ബഹളം വർധിപ്പിച്ചതോടെ മന്ത്രിയുടെ സ്വരം മാറി “എന്താ ഇവിടെ നടക്കുന്നത്, നിങ്ങൾക്ക് എന്താ വേണ്ടത്,” എന്നായി മന്ത്രിയുടെ ചോദ്യം. ഇതിനുശേഷവും മന്ത്രി കണക്കുകൾ പറയുന്നത് തുടർന്നു.

പ്രതിപക്ഷം ബഹളം വയ്‌ക്കുന്നത് തുടര്‍ന്നപ്പോള്‍ മന്ത്രി എ.കെ.ബാലൻ എഴുന്നേറ്റു. തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ ‘നിങ്ങളുടെ ആശങ്ക നന്നായി മാറ്റി തരുന്നില്ലേ’ എന്നു മന്ത്രി ബാലൻ ചോദിച്ചു. ‘ഇതിനേക്കാൾ അപ്പുറം എങ്ങനെയാ മറുപടി പറയാ?’ എന്ന് മന്ത്രി ബാലൻ ചോദിച്ചപ്പോൾ തങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി.

ഇതുകേട്ടതും ‘നിങ്ങൾക്ക് ബോധ്യപ്പെടില്ല’ എന്ന് പ്രതിപക്ഷത്തെ നോക്കി എ.കെ.ബാലൻ പറഞ്ഞു. ഇങ്ങനെയൊരു ഘട്ടത്തിൽ പ്രതിപക്ഷമാണ് സർക്കാരിനു പിന്തുണ നൽകേണ്ടതെന്ന് പറഞ്ഞാണ് കെ.കെ.ശെെലജ പ്രസംഗം ആരംഭിച്ചത്. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.