/indian-express-malayalam/media/media_files/uploads/2020/03/corona-virus-7.jpg)
കാസർഗോഡ്: ജില്ലയിൽ കോവിഡ്-19 പടരാൻ കാരണക്കാരനായ പ്രവാസിക്കെതിരെ കേസെടുത്തു. കാസർഗോഡ് കുഡ്‌ലു സ്വദേശിയായ ഇയാളിൽനിന്ന് അഞ്ച് പേർക്കാണ് കോവിഡ് പടർന്നത്. വിദേശത്തുനിന്ന് എത്തിയ ഇയാൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നു നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
വിവാഹങ്ങളിലടക്കം ജില്ലയിലെ പൊതുപരിപാടികളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവർ 14 ദിവസം നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് നിർദേശമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, കോവിഡ് ബാധിതനായ ഇയാളുടെ യാത്രകളിൽ ദുരൂഹതയുണ്ടെന്നു ജില്ലാ കലക്‌ടർ ഡി.സജിത് ബാബു പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ മറച്ചുവച്ചു. യാത്രകളുടെ കൃത്യമായ വിവരങ്ങൾ ഇയാൾ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാൻ കാരണമെന്നും കലക്‌ടർ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ച കാര്യം അടക്കം ഇയാൾ മറച്ചുവച്ചതായി കലക്‌ടർ പറഞ്ഞു.
Read Also: നികുതി ഈടാക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. യാത്ര ചെയ്‌ത സ്ഥലങ്ങളെക്കുറിച്ച് ക്യത്യമായി പറഞ്ഞിട്ടില്ല. സത്യം മറച്ചുവയ്‌ക്കുന്നു. കാസർകോട് ഇന്നലെ സ്ഥിരീകരിച്ച ആറ് കേസുകളുടേയും വിവരങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. എന്നാൽ, കുഡ്‌ലു സ്വദേശിയുടെ സ്ഥിതി അതല്ല.
ഇയാൾ വിവാഹ ചടങ്ങിൽ അടക്കം പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഇയാളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയവരുടെ എണ്ണം 1,500 ൽ അധികം വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രോഗിയുടെ യാത്രാവിവരങ്ങൾ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ജില്ല കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങൾ ദയവായി സഹകരിക്കണമെന്നും മാതൃഭൂമി ന്യൂസുമായി സംസാരിക്കവെ കലക്‌ടർ അഭ്യർഥിച്ചു.
ഇന്നലെ മാത്രം കാസർഗോഡ് ആറു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് കാസർഗോഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് നിന്നു കർണാടകയിലേക്കും തിരിച്ചും ഗതാഗതം പൂർണമായി സ്‌തംഭിച്ച നിലയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.