കൊച്ചി: കൊറോണ വെെറസ് ബാധയും പക്ഷിപ്പനിയും കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ കോഴിവില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഒരു കിലോ കോഴിയിറച്ചിയുടെ വില അറുപത് രൂപയാണ്. ചില സ്ഥലങ്ങളിൽ ഇതിലും കുറവിലും കോഴി വിറ്റുതീർക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പല സ്ഥലത്തും എഴുപത് രൂപയായിരുന്നു കോഴിവില.

പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കോഴിക്കടകൾ അടച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ കോഴിക്കടകളാണ് അടച്ചത്.

പക്ഷിപ്പനിയെ തുടർന്ന് കോഴിക്കോട് ഇറച്ചിക്കുള്ള ആവശ്യക്കാർ വലിയ തോതിൽ കുറഞ്ഞു. മത്സ്യമാർക്കറ്റുകളിൽ തിരക്ക് വർധിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ പല മത്സ്യ മാർക്കറ്റുകളിലും ഉച്ചയ്‌ക്കു മുൻപേ തന്നെ മീൻ വിറ്റുതീർന്നു.

Read Also: കോവിഡ് 19 രോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കുന്നത്?

പക്ഷിപ്പനിയാണ് കോഴി വില താഴാൻ പ്രധാന കാരണം. അതോടൊപ്പം കോഴിയിറച്ചിയിലൂടെ കൊറോണ പകരുമെന്ന വ്യാജ പ്രചാരണവും നേരത്തെ നടന്നിരുന്നു. രണ്ട് ദിവസം മുൻപ് വരെ കോഴിക്ക് 80 രൂപയായിരുന്നു വില. പക്ഷിപ്പനി രൂക്ഷമായതോടെ ഒറ്റയടിക്ക് കോഴിവില താഴ്‌ന്നു. ഇനിയും വില ഇടിയാനാണ് സാധ്യത. കൊച്ചിയിൽ ചിലയിടങ്ങളിൽ 45 രൂപയ്‌ക്കു വരെ ഇന്നു കോഴി വിറ്റു.

പക്ഷിപ്പനി പേടിമൂലം പൊതുവേ ഉണ്ടാകുന്ന സംശയമാണ് പക്ഷി ഇറച്ചി കഴിക്കുന്നത് ഏതെങ്കിലും തരത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമോ എന്നത്. എന്നാൽ, അങ്ങനെയൊരു ആശങ്ക വേണ്ടെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. പക്ഷികളുടെ മാംസവും മുട്ടയും കഴിക്കുന്നതിൽ പേടിക്കാനില്ല. മാംസവും മുട്ടയും പാചകം ചെയ്‌തു കഴിക്കുമ്പോൾ നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. നന്നായി വേവിച്ചു കഴിക്കുന്നതാണ് ഉത്തമം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.