തൃശൂർ: കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു. ഇന്ന് രണ്ട് പേർക്ക് കൂടി കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. 16 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മൂന്ന് പേർ നേരത്തെ രോഗവിമുക്തരായിരുന്നു.
വിദേശത്തുനിന്ന് എത്തിയ രണ്ട് പേർക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ദുബായിൽ നിന്നു എത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്നു എത്തിയ തൃശൂർ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 4,180 പേരാണ് നിരീക്ഷണത്തിലുള്ളത്. 1337 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം സ്വദേശിക്കും രോഗലക്ഷണങ്ങളുണ്ട്. കൊറോണ തന്നെയാണെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. സാംപിൾ ഫലം വന്ന ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: കോവിഡ് 19: രാജ്യത്ത് 74 പേര്‍ക്ക് രോഗബാധ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
തൃശൂരിലെ കൊറോണ ബാധിതൻ പത്തനംതിട്ടയിൽ നേരത്തെ കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികൾക്കൊപ്പമാണ് കൊച്ചിയിലെത്തിയത്. 21 വയസ്സുള്ള പുരുഷനാണ് ഇയാൾ. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി ഐസോലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് ഏഴിനാണ് ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽ പെടുത്തി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികളെ കുറിച്ച് പരിശോധന നടത്തുകയാണ്. ഇയാളുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ.
ഇയാൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ആരോഗ്യപ്രവർത്തകർ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
Read Also: Covid-19: കേരളത്തിൽ രണ്ട് പേർക്ക് കൂടി കൊറോണ, കൂടുതൽ പേർ നിരീക്ഷണത്തിൽ
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പതിനെട്ട് പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രക്ത സാംപിളുകൾ പരിശോധിക്കും. ബഹ്റെെനിൽ രണ്ട് മലയാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ട് പേരും നഴ്സുമാരാണ്. ഇന്ന് കൊച്ചി വിമാനത്താവളത്തിൽ മൂവായിരത്തിലേറെ പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
പ്രായമായവര്‍ക്ക് രോഗം വന്നാല്‍ ഗുരുതരമാകും. അതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വയോജനകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ ഒഴിവാക്കണം. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ആപ് മുഖ്യമന്ത്രി പുറത്തിറക്കി.