തിരുവനന്തപുരം: കോവിഡ് 19 ന്റെ വ്യാപനം തടയാൻ എല്ലാവരും അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണെന്നും ചെറിയ പിഴവുകൾ പോലും കാര്യങ്ങൾ വഷളാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്തു.

കോവിഡ് ഭീതി നേരിടാൻ ആരോഗ്യമേഖലയ്ക്കു സാധിക്കും. തദ്ദേശ സ്ഥാപനങ്ങൾ അതീവ ജാഗ്രതയോടെ ഇടപെടണം. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇനിയുള്ള ഒരാഴ്‌ച കാലം ഏറെ ശ്രദ്ധിക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശികളോടുള്ള സമീപനം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വിദേശികളെയെല്ലാം കൊറോണ ബാധിതരായി ചിത്രീകരിക്കുന്ന രീതി ശരിയല്ല. മോശമായി പെരുമാറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവർ കവലകളില്‍ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Read Also: സിബിഎസ്ഇ പരീക്ഷകൾക്കു പിന്നാലെ ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

കോവിഡ് 19 വെെറസ് ബാധയെ തുടർന്ന് കേരളത്തിൽ നിരീക്ഷണത്തിലുള്ള കാൽലക്ഷത്തിലേറെ പേർ. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ കോവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു. കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് ആരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നത്. കേരളത്തിലെ പഴുതടച്ച നിരീക്ഷണ സംവിധാനമാണ് കോവിഡ് 19 ന്റെ സാമൂഹ്യവ്യാപനത്തെ ചെറുക്കുന്നത്.

ഇന്നലെ ലഭിച്ച രക്‌ത സാംപിൾ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്ത് ആകെ 25,940 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതിൽ 237 പേർ ആശുപത്രികളിലും 25,603 പേർ വീടുകളിലുമാണ്. കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook