കൊച്ചി: കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് സ്വദേശി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പൗരൻ സഞ്ചരിച്ച വഴികൾ പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് പൗരനും ഭാര്യയും പതിനേഴുപേരുമടങ്ങിയ സംഘം ഈ മാസം ആറിനാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. രണ്ട് ദിവസം കൊച്ചിയിലെ നഗരത്തിൽ ഇവർ താമസിച്ചിരുന്നു.

മാർച്ച് പത്തിനാണ് ഇവർ മൂന്നാറിലെ കെടിഡിസി ടീ കൗണ്ടി റിസോര്‍ട്ടില്‍ എത്തിയത്. മൂന്നാറിൽ എത്തുമ്പോൾ ഇയാൾക്ക് രോഗലക്ഷണമുണ്ടായിരുന്നു. അതിരപ്പിള്ളിയും ചെറുതുരുത്തിയും സന്ദർശിച്ച ശേഷമാണ് ഇവർ മൂന്നാറിലെത്തിയത്. രോഗലക്ഷണത്തെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയ്‌ക്കായി സാംപിൾ എടുത്ത ശേഷം ഇയാളെ മൂന്നാറിലെ റിസോർട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഐസോലേഷനിൽ കഴിയണമെന്നായിരുന്നു നിർദേശം. എന്നാൽ, പരിശോധനാ ഫലം പുറത്തുവരും മുൻപ് റിസോർട്ടിൽ നിന്നു മാട്ടുപ്പെട്ടിയിലേക്ക് പോകാൻ ഇവർ ശ്രമം നടത്തിയിരുന്നു. ആരോഗ്യവകുപ്പ് ഇടപെട്ട് ഇവരെ തടയുകയായിരുന്നു.

Read Also: കോവിഡ്19: വ്യാപനം നിയന്ത്രിക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല

മാർച്ച് ആറിനാണ് ബ്രിട്ടീഷ് പൗരനും സംഘവും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നത്. വെല്ലിങ്‌ടൺ കാസിനോയിലാണ് ഇവർ രണ്ട് ദിവസം താമസിച്ചത്. മാർച്ച് എട്ടിനു അതിരപ്പിള്ളിയിലെത്തി. അതിരപ്പിള്ളി റസിഡൻസിയിൽ നിന്നു ഇവർ ഭക്ഷണം കഴിച്ചിട്ടുണ്ട്. മാർച്ച് ഒൻപതിനു ചെറുതുരുത്തി റിവർ റിട്രീറ്റ് റിസോർട്ടിൽ താമസിച്ചു.

മാർച്ച്‌ പത്തിനു മൂന്നാർ കെടിഡിസിടി കൗണ്ടി റിസോർട്ടിൽ എത്തി. ഇവിടെ എത്തിയപ്പോൾ ഇയാൾക്ക് രോഗലക്ഷണമുണ്ടായിരുന്നു. അന്നുതന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ഡോക്ടറേ കണ്ടു മരുന്ന് വാങ്ങി മടങ്ങി. മാർച്ച് പതിനൊന്നിനാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് സ്രവപരിശോധനയ്‌ക്ക് സാംപിൾ ശേഖരിച്ചു. ഐസോലേഷനിൽ തുടരാൻ ആവശ്യപ്പെട്ടു.

Read Also: കൊറോണ ബോധവത്‌കരണ വീഡിയോയിൽ രജിത് ഫാൻസിന്റെ അസഭ്യവർഷം; മോഹൻലാലിനെതിരെ സെെബർ ആക്രമണം

മാർച്ച് 12 നു രോഗിയും സംഘവും മാട്ടുപ്പെട്ടി മേഖലയിലേക്ക് യാത്ര തിരിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ടു അവിടെ എത്തും മുൻപ് ഹോട്ടലിലേക്ക് മടക്കി കൊണ്ടുവന്നു. മാർച്ച് പതിനാലിനാണ് റിസൽട്ട് പോസിറ്റീവ് ആകുന്നത്. രോഗം സ്ഥിരീകരിച്ച വിവരം ഇവർ ഹോട്ടൽ അധികൃതരെ അറിയിച്ചില്ല. ഇന്നലെ രാത്രി 10.30 നാണ് കൊറോണ പോസിറ്റീവ് ആയുള്ള ഇയാളും കൂടെയുള്ളവരും റിസോർട്ടിൽ നിന്നു പുറത്തു കടന്നത്. ഇന്ന് രാവിലെയാണ് ഇവർ റിസോർട്ടിൽ നിന്നു കടന്നുകളഞ്ഞ വിവരം ആരോഗ്യവകുപ്പ് അറിയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.