കൊച്ചി: കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസിന് ലഭിക്കുന്നത് വിമാനം ടേക് ഓഫിനെടുക്കുന്നതിന് കേവലം 15 മിനിറ്റ് മുൻപാണ്. തുടർന്നുള്ള നീക്കങ്ങൾ അതിവേഗത്തിലായിരുന്നു. എല്ലാ ജീവനക്കാരുടേയും ബോർഡിങ് പൂർത്തിയായ ശേഷമാണ് വിമാനം പിടിച്ചിടാൻ കലക്‌ടർ നിർദേശിക്കുന്നത്.

എറണാകുളം ജില്ലാ ഭരണകൂടത്തിൽ നിന്നാണ് ജില്ലാ കലക്‌ടർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം ലഭിക്കുന്നത്. രാവിലെ 8.45 നായിരുന്നു കലക്‌ടർക്ക് നിദേശം ലഭിച്ചത്. കോവിഡ് പോസിറ്റീവ് ആയ ബ്രിട്ടീഷ് സ്വദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും ഒൻപതു മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം. ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്നത് നാടകീയ രംഗങ്ങളാണ്.

കൊച്ചി നഗരത്തിലെ ക്യാംപ് ഓഫീസിൽ നിന്നും നെടുമ്പാശേരിയിലേക്ക് കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി. ഭാര്യയ്‌ക്കൊപ്പമെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ഇയാളെ പ്രവേശിപ്പിച്ചു.

Read Also: അതിരപ്പിള്ളിയിൽ നിന്നു ഭക്ഷണം കഴിച്ചു; കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരന്റെ യാത്രാവഴി ഇങ്ങനെ

കൊറോണ പോസിറ്റീവ് ബാധിതനെ ഐസോലേഷനിലേക്ക് പ്രവേശിപ്പിച്ച ശേഷം മറ്റ് ആളുകളുടെ കാര്യത്തെ കുറിച്ച് ആലോചന തുടങ്ങി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവരായി കലക്‌ടർ ഫോണിലൂടെ ബന്ധപ്പെട്ടു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്.സുനിൽ കുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ.കുര്യൻ, എസ്‌പി കെ. കാർത്തിക്, സിഐഎസ്‌എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച നടത്തി. ഒടുവിൽ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ഉച്ചയ്‌ക്ക് 12.47 നു എമിറേറ്റ്‌സ് വിമാനം പറന്നുയർന്നു. പരിശോധനാ വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം വന്നത്.

Read Also: റിയൽ ഹീറോ; സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

വിമാനം പുറപ്പെട്ട ശേഷം വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. വിമാനത്താവള ജീവനക്കാരും സിഐഎസ്‌എഫ് സുരക്ഷാഭടൻമാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മാറ്റി.

വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്‌ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാനും നടപടി സ്വീകരിച്ചു. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കലക്‌ടർ നിർദേശം നൽകി. ഇവർക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.