തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിക്കും. ദിവസവും പകുതി ജീവനക്കാർ മാത്രം ഓഫീസിലെത്തുന്ന തരത്തിലാണ് ക്രമീകരണം.

ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓഫീസുകളിലെത്തേണ്ടത്. ഒരു ദിവസം ജോലിക്ക് വന്നവർക്ക് അടുത്ത ദിവസം അവധി അനുവദിക്കും. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു.

Also Read: കോവിഡ് 19: കേരള അതിർത്തികളടച്ച് തമിഴ്നാട്

നേരത്തേ സർക്കാർ ഓഫീസുകളിൽ സന്ദർശകരെ നിയന്ത്രിക്കാൻ പൊതുഭരണ വകുപ്പ് നിർദേശം നൽകിയിരുന്നു. അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും അടിയന്തര പ്രാധാന്യമില്ലാത്ത യോഗങ്ങളും ഒഴിവാക്കാനും നിർദേശമുണ്ടായിരുന്നു.

അടിയന്തര പ്രാധാന്യമുള്ള യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. പ്രായമേറിയ ജീവനക്കാര്‍, അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട ജോലികളില്‍നിന്ന് ഒഴിവാക്കണമെന്നും പൊതുഭരണവകുപ്പ് നിര്‍ദേശിച്ചു.

ജീവനക്കാര്‍ കൂടിച്ചേരുന്ന പരിപാടികള്‍ നിര്‍ബന്ധമായി ഒഴിവാക്കുക, ജീവനക്കാരും പൊതുജനങ്ങളും പതിവായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ അണുവിമുക്തമാക്കുക എന്നീ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.

Also Read: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി

അതേസമയം, കൊറോണയുടെ പശ്ചാത്തലത്തിൽ സിവിൽ സർവീസ് അഭിമുഖങ്ങൾ മാറ്റിവച്ചു. 23 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള അഭിമുഖങ്ങളാണ് മാറ്റിവച്ചത്. സംസ്ഥാനത്ത് ഇനി നടക്കേണ്ട എസ്എസ്എൽസി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.