തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ സർക്കാർ. സംസ്ഥാനത്താകെ പൊതുപരിപാടികൾ നിയന്ത്രിക്കാൻ തീരുമാനം. ഈ മാസം സർക്കാരിന്റെ പൊതുപരിപാടികൾ റദ്ദ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും നടത്തരുതെന്നും നിർദേശമുണ്ട്. കൊറോണ വൈറസ് നിരീക്ഷണത്തിലുളളവർക്ക് സൗജന്യ ഭക്ഷണം സർക്കാർ ഉറപ്പാക്കും.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അങ്കണവാടി മുതൽ ഏഴാം ക്ലാസ് വരെ പരീക്ഷയോ റെഗുലർ ക്ലാസോ ഇനി ഉണ്ടായിരിക്കില്ല. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. ഹൈസ്കൂൾ ക്ലാസുകൾ ഇനി മുതൽ ഉണ്ടായിരിക്കില്ല.

Read Also: കോഴിക്കോട് കാരമൂലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയോടെ നാട്ടുകാർ

പ്രൊഫഷണൽ കോളേജടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല.

സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുൻകരുതൽ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

കേരളത്തിൽ കൊറോണ വെെറസ് ബാധ സംശയത്തെ തുടർന്ന് 1116 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ വ്യക്തമാക്കി. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ടയിൽ 270 പേർ പ്രെെമറി കോൺടാക്‌ട് ലിസിറ്റിലും 449 പേർ സെക്കൻഡറി കോൺടാക്‌ട് ലിസ്റ്റിലും നിരീക്ഷണത്തിലാണ്. കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവരാണ് പ്രെെമറി കോൺടാക്‌ട് ലിസ്റ്റിലുള്ളത്.

പത്തനംതിട്ടയിൽ അഞ്ച് പേർക്കും എറണാകുളത്ത് ഒരാൾക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംശയമുള്ള 807 പേരുടെ രക്‌ത സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 717 പേരുടെ സാംപിൾ ഫലം നെഗറ്റീവ് ആണ്. പ്രായമായവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അതീവ ജാഗ്രതയാണ് വേണ്ടതെന്നും കെ.കെ.ശെെലജ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.