തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കാകരമായി തുടരുന്നു. ഇന്ന് 962പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 205 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. എറണാകുളത്ത് 106 പേർക്കും ആലപ്പുഴയിൽ 101 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 34 ക്ലസ്റ്ററുകളിൽ രോഗ വ്യാപനം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Covid-19 Tracker: കേരളത്തിൽ ഇന്ന് 962 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 815 പേർക്ക് രോഗം ഭേദമായി.സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 55 പേർ വിദേശത്ത് നിന്ന് എത്തിയവരും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 6 കെഎസ്ഇ, 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 11484 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

 • തിരുവനന്തപുരം – 205
  എറണാകുളം – 106
  ആലപ്പുഴ – 101
  തൃശൂർ – 85
  മലപ്പുറം – 85
  കാസർഗോഡ് – 66
  പാലക്കാട് -59
  കൊല്ലം – 57
  കണ്ണൂർ – 37
  പത്തനംതിട്ട – 36
  കോട്ടയം – 35
  കോഴിക്കോട്- 33
  വയനാട് – 31
  ഇടുക്കി – 26

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം – 253
  കൊല്ലം – 40
  പത്തനംതിട്ട – 59
  ആലപ്പുഴ – 50
  കോട്ടയം – 55
  ഇടുക്കി – 54
  എറണാകുളം – 38
  തൃശൂർ – 52
  പാലക്കാട് – 67
  മലപ്പുറം – 38
  കോഴിക്കോട് – 26
  വയനാട് – 8
  കണ്ണൂർ – 25
  കാസർഗോഡ് – 50

1,45,234 പേർ നിരീക്ഷണത്തിൽ

1,45,234 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10779 പേർ ആശുപത്രികളിലാണ്. ഇന്ന് 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

19343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ഇന്ന് സംസ്ഥാനത്ത് 19343 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതടക്കം ആകെ 400029 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3929 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. 506 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

34 ക്ലസ്റ്ററുകളിൽ രോഗ വ്യാപനം വർധിക്കുന്നു

സംസ്ഥാനത്ത് 34 കോവിഡ് ക്ലസ്റ്ററുകളിൽ ഇപ്പോഴും രോഗ വ്യാപനം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 174 ക്ലസ്റ്ററുകളാണ് കണ്ടെത്തി അവിടെ നിയന്ത്രണ നടപടികൾ സ്വീകരിച്ചത്.

32 ക്ലസ്റ്ററുകളിൽ രോഗവ്യാപനം തടഞ്ഞ് നിയന്ത്രണ വിധേയമാക്കാനായി. 34 ക്ലസ്റ്ററുകളിൽ രോഗ വ്യാപനം ഇപ്പോഴും വർധിക്കുന്നു. 57 ഇടത്ത് വ്യാപനത്തോത് കുറയുന്നു. 51 ഇടത്ത് തൽസ്ഥിതി തന്നെ തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയിൻമെന്റ് സോണുകളിൽ പുതിയ മാർഗനിർദേശം

നിലവിൽ കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത് വാർഡോ ഡിവഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പോസിറ്റീവ് ആയ ആളുടെ പ്രൈമറി, സെക്കൻഡറി കോൺഡാക്ടുകൾ താമസിക്കുന്ന സ്ഥലം പ്രത്യേകമായി വേർതിരിച്ച് അടയാളപ്പെടുത്തി കണ്ടെയിൻമെന്റ് സോണാക്കും. വാർഡെന്നതിലുപരി ഒരു പ്രദേശമായിരിക്കും കണ്ടെയിൻമെന്റ് സോണാകുക. ആളുകൾ താമസിക്കുന്ന പ്രദേശത്തെ മാപ്പ് ചെയ്താകും കണ്ടെയിൻമെന്റ് സോൺ നിശ്ചയിക്കുന്നത്. ഇവിടങ്ങളിൽ കർക്കശമായി പാലിക്കപ്പെടുന്ന വ്യവസ്ഥകളുണ്ടാകും. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും. ഇതിനായ കടകൾ സജ്ജമാക്കും. അതിനെന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പൊലീസോ പൊലീസ് വോളന്റിയറോ സാധനങ്ങൾ വീട്ടിലെത്തിക്കും.

കണ്ടെയിൻമെന്റ് സോൺ ഒഴിവാകുന്നത് ഈ പ്രദേശത്തുള്ള പ്രൈമറി, സെക്കൻഡറി കോൺഡാക്ടുകൾ പരിശോധനയിലൂടെ രോഗമുക്തമായി എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും. ഇത്തരം കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഇൻസിഡന്റ് കമന്റുകളിൽ ഒരാളായി ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ദിവസവും ജില്ലാ കലക്ടറും പൊലീസ് മേധാവിയും ഡിഎംഒയും യോഗം ചേരും. രോഗവ്യാപനമുണ്ടായി ജീവഹാനി വരുന്നതിനേക്കാൾ ഈ പ്രയാസം ഇപ്പോൾ അനുഭവിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി. രോഗവ്യാപനത്തിന് സമ്പർക്കമാണ് ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിട്ടുള്ളത്. അത് ഒഴിവാക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് പ്രത്യേക ചുമതല

സമ്പർക്ക രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ കണ്ടെയിൻമെന്റ് സോണുകൾ നിർണയിക്കുന്ന രീതിയിൽ മാറ്റം വരുത്തും. സമ്പര്‍ക്കവ്യാപനംമൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും സഹായിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് പൊലിസിന്റെ ഇടപ്പെടൽ കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർ അത് ലംഘിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. അവർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തണം.

പോസിറ്റീവായ ഒരാളുടെ കോൺടാക്ടുകൾ കണ്ടെത്തുന്നതിനുള്ള നടപടി പൊലീസ് നേരിട്ട് നിർവഹിക്കണം. അതിനുള്ള പ്രത്യേക പരിശീലനത്തിന്റെ അന്വേഷണ മികവ് കൂടി ഉപയോഗിച്ച് ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും.

കോൺടാക്ട് ട്രെയിസിങ്ങാണ് ഇവരുടെ പ്രധാന ചുമതല. ഹെൽത്ത് ഇൻസ്‌പെക്ടർമാർ തയ്യാറാക്കുന്ന സമ്പർക്കപട്ടികയും പൊലീസിന്. 24 മണിക്കൂറിനുള്ളിൽ പ്രൈമറി സെക്കൻഡറി കോൺഡാക്ടുകൾ കണ്ടെത്തണം. കണ്ടെയിൻമെന്റ് സോണിന് അകത്തും പുറത്തും അകലം പാലിക്കൽ പ്രോട്ടോകോൾ പാലിക്കുന്നതും ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊലിസ് നോർഡൽ ഓഫീസറായി വിജയ് സാഖ്റെ ഐപിഎസിനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് ലാര്‍ജ് ക്ലസ്റ്ററുകൾ വീണ്ടും വര്‍ധിക്കുന്നു

ലാര്‍ജ് ക്ലസ്റ്ററുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം ജില്ലയിലുള്ളതെന്ന് സംസ്ഥാന സർക്കാർ. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശ്ശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് എന്നിങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍ നിലവിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നു വന്നത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നുവെന്നതിന്‍റെ സൂചനയാണിത്.

കൊല്ലത്ത് ജയിലില്‍ സ്ഥിതി ഗുരുതരം

കൊല്ലം ജില്ലാ ജയിലില്‍ അന്തേവാസികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ പരിശോധന നടത്തിയതില്‍ 57പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഗുരുതര രോഗലക്ഷണമുള്ള അഞ്ച് പേരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി. ജയില്‍ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഒരു അസി. പ്രിസണ്‍ ഓഫീസര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക സംശയമുള്ള ഉദ്യോഗസ്ഥരെ ജയിലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ആലപ്പുഴയിൽ സ്രവപരിശോധനയ്ക്കായി കിയോസ്ക്

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കോവിഡ് സ്രവപരിശോധനയ്ക്കായി കിയോസ്ക് തുടങ്ങും. ജില്ലയില്‍ ആകെ 23 കിയോസ്കീസ്കുകളാണ് ആരംഭിക്കുക. കിയോസ്കുകള്‍ക്കും ആന്‍റിജന്‍ കിറ്റിനുമായി ആകെ മൂന്നു കോടി 40 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിട്ടുള്ളത്.

ആലുവ, പശ്ചിമ കൊച്ചി മേഖലകളില്‍ രോഗ വ്യാപനം കൂടുതൽ

എറണാകുളം ജില്ലയില്‍ ആലുവ, പശ്ചിമ കൊച്ചി മേഖലകളില്‍ രോഗം കൂടുതലായി വ്യാപിക്കുന്നു. ആലുവ ക്ലസ്റ്ററില്‍ ചൂര്‍ണിക്കര, എടത്തല, പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ രോഗ വ്യാപനം ശക്തമായി തുടരുന്നത്. നെല്ലിക്കുഴി, കോട്ടപ്പടി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കവ്യാപനം ഉണ്ടായത് 78 പേര്‍ക്കാണ്.

പശ്ചിമ കൊച്ചി മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളും ട്രക്കുകളും മാത്രമേ അനുവദിക്കു. തൃക്കാക്കര കരുണാലയം ആക്റ്റീവ് ക്ലസ്റ്റര്‍ ആയി തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണം ഇല്ലാത്തവരെ കരുണാലയത്തില്‍ തയ്യാറാക്കിയ എഫ്എല്‍ടിസിയിലും രോഗലക്ഷണമുള്ളവരെ കളമശേരി മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിലെ മഠങ്ങളിലും വൃദ്ധ സദനങ്ങളിലും ഉള്ള രോഗവ്യാപനത്തെ ഗുരുതരമായാണ് കാണുന്നത്.

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ കൊച്ചിയില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

നഗരസഭയുടെ ഒന്നു മുതല്‍ 28 വരെയുള്ള വാര്‍ഡുകളിലാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. തോപ്പുംപടി പഴയ പാലവും പുതിയ പാലവും അടച്ചു. ഇതോടെ എറണാകുളത്തേക്കും പശ്ചിമ കൊച്ചിയിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Read Also: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ചരമവാർഷികം ഇന്ന്

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ തുറക്കാം. നിയന്ത്രണങ്ങള്‍ക്കായി പൊലീസിനെ നിയോഗിച്ചു.

എറണാകുളത്ത് എട്ട് കോവിഡ് രോഗികൾ വെന്റിലേറ്ററിൽ

എറണാകുളം മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ എട്ട് കോവിഡ് രോഗികൾ ചികിത്സയിൽ. 42 മുതൽ 75 വയസ് വരെ പ്രായമുള്ള രോഗികളാണ് ഗുരുതരാവസ്ഥയിൽ. മെഡിക്കൽ കോളേജ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇവർക്ക് പ്രത്യേക ചികിത്സ നൽകിവരികയാണ്.

കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ

ജില്ലയിലെ ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം.

കര്‍ണാടകയിലേക്ക് ദിവസേന പോയി വരുന്നവര്‍ക്ക് റഗുലര്‍ പാസ് അനുവദിക്കും. എന്നാല്‍ ഏഴ് ദിവസം കൂടുമ്പോള്‍ ഇവര്‍ കോവിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാകണം. വിവാഹം, മരണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപാധികളോടെ അന്തര്‍സംസ്ഥാന യാത്രയും അനുവദിക്കും.ഇവരും ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. ഏസി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ ഉടമയ്‌ക്കോ ജീവനക്കാര്‍ക്കോ കോവിഡ് സ്ഥിരീകരിച്ചാല്‍ അത്തരം കടകജീവനക്കാർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. അണുനശീകരണം നടത്തി വീണ്ടും കട തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ രോഗവും രോഗലക്ഷണങ്ങളുമുള്ളവരെ കടകളില്‍ പ്രവർത്തിക്കാൻ അനുവദിക്കില്ല.

ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. വാഹനങ്ങള്‍ കൃത്യമായി അണുനശീകരണം നടത്തണം. ഈ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏതെല്ലാം കടകളിലാണ് വിതരണം ചെയ്തതെന്ന കൃത്യമായ വിവരം വാഹനത്തിലെ ജീവനക്കാര്‍ സൂക്ഷിക്കണം. വാഹനത്തിലെ ഡ്രൈവറും, ക്ലീനറും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. കര്‍ണാടകയിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഏഴ് ദിവസം കൂടുമ്പോള്‍ ആന്റിജൻ ടെസ്റ്റിന് വിധേയമാകണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓട്ടോറിക്ഷയ്ക്ക് സര്‍വീസ് നടത്തുന്നതില്‍ തടസമില്ല. ദേശീയ പാതയോരങ്ങളിലെയും കെഎസ്‌ടിപി റോഡരികിലെയും ഹോട്ടലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഒൻപത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കണം.

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

നേരത്തെ പ്രസംശ പിടിച്ചുപറ്റിയ സംസ്ഥാനത്തെ ആരോഗ്യമേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തോടെ ആര്‍ദ്രം മിഷന്റെ ഭാഗമായി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

കേരളത്തിലെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്‌ഘാടനത്തിൽ ഉൾപ്പെട്ട വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം. കടപ്പാട്: പിആർഡി

നിലവില്‍ 284 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചന്നത്. ഇതോടെ ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മഹാദുരിതത്തെ ഒത്തുചേര്‍ന്ന് ഒരുമയോടെ നേരിടേണ്ട ഘട്ടമാണിത്. പങ്ക് വഹിക്കാന്‍ കഴിയുന്നവരെല്ലാം ഇതിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട്, കക്കട്ടില്‍ സ്വദേശി മരക്കാർകുട്ടി (70) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാല പ്രവർത്തിക്കില്ല

കൊണ്ടോട്ടി തലൂക്ക് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കാലിക്കറ്റ് സർവകലാശാല ഇന്ന് പ്രവർത്തിക്കുന്നതല്ല

Read Also: ക്വാറന്റൈനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞ് കോവിഡ് ഭേദമായി ആശുപത്രി വിട്ടു

മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനന്തവാടി താലൂക്കില്‍ ഇന്ന് രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സിആര്‍പിസി വകുപ്പ് 144 (1), (2), (3) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോക്ടർ അദീല അബ്ദുല്ല അറിയിച്ചു.

മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

 • പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍
 • എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും
 •  എല്ലാ ആരാധനാ കേന്ദ്രങ്ങളിലെയും ഒരുമിച്ച്ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും
 • എല്ലാവിധ പ്രകടനങ്ങളും
 • ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം
 • വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ (ശവ സംസ്‌കാര ചടങ്ങുകള്‍ ഒഴികെ- പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം)

കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവുകള്‍ക്കും ഇതോടൊപ്പം പ്രാബല്യമുണ്ടായിരിക്കും. ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 5 (മുണ്ടക്കുറ്റി), 7 (കുറുമണി), 9 (അരമ്പറ്റകുന്ന്) എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച 8, 12, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

സമ്പര്‍ക്ക വ്യാപനം: പ്രത്യേക ജാഗ്രത പുലര്‍ത്തണം

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ പ്രായമായവരും ചെറിയകുട്ടികളും മറ്റ്  രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോകെ സക്കീന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെില്ലിലേക്ക് വിളിക്കാം.  ഫോണ്‍: 0483  273 7858, 273 7857, 273 3251, 273 3252, 273 3253,9015 803 804, ദിശ: 1056.

പ്രായം കൂടിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • പൂര്‍ണ്ണസമയവും വീടിനുള്ളില്‍ തന്നെ കഴിയുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക.
 • പുറത്തിറങ്ങുമ്പോള്‍ ശരിയായവിധം മാസ്‌ക് ധരിക്കുക.
 • ആള്‍ക്കൂട്ടത്തില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കുക. മറ്റുള്ളവരില്‍ നിന്ന്  രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിക്കുക.
 • മറ്റ് സാധനങ്ങളില്‍ സ്പര്‍ശിച്ചശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക.
 • കൈകള്‍ മുഖത്ത് തൊടാതിരിക്കുക.
 • വീട്ടില്‍ എത്തിയ ഉടന്‍ കൈകള്‍ 20 സെക്കന്റ് സമയം എടുത്ത് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
 • ഇതര രോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതിന് മുടക്കം വരുത്തരുത്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോവുക. അല്ലാത്തപക്ഷം ഇ.സജ്ജീവനി പദ്ധതി പ്രകാരം ഓണ്‍ലൈനായി ഡോക്ടറെ കാണാനുള്ള സേവനം ഉപയോഗപ്പെടുത്തണം.
 • e.sanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്താല്‍ ഒരു ഒ.ടി.പി  ലഭിക്കും. ആ ഒ.ടി.പി ടൈപ്പ് ചെയ്താല്‍ രജിസ്‌ട്രേഷന്‍ ഫോം കിട്ടും. ഈ ഫോം പൂരിപ്പിച്ചാല്‍ പേഷ്യന്റ് ഐ.ഡി ടോക്കണ്‍ നമ്പര്‍ കിട്ടും. മൊബൈലില്‍ ഡോക്ടറെ കാണേണ്ട സമയവും ലഭിക്കും.
 • പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഭക്ഷണ ക്രമം പാലിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
 • ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.

പ്രായമായവര്‍ ഉള്ള വീട്ടിലെ മറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കേണ്ടവ

 • പ്രായമായവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും വേണമെന്ന കാര്യം മനസ്സിലാക്കണം.
 • വീട്ടിലേക്ക് സന്ദര്‍ശകരുടെ വരവ് ഒഴിവാക്കണം.
 • പ്രായമായവരുള്ള വീട്ടിലെ ഇതര അംഗങ്ങളും പരമാവധി പുറത്തിറങ്ങാതെ ഇരിക്കുക.
 • പുറത്ത് പോയി വന്നാല്‍ കൈകള്‍ ശരിയാംവിധം ശുചീകരിക്കണം
 • പ്രായമായവരോട് സംസാരിക്കുമ്പോള്‍ 2 മീറ്റര്‍ അകലം പാലിക്കണം. മാസ്‌ക് ധരിക്കുക.

പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഇതര വിഭാഗക്കാര്‍

 • ഗര്‍ഭിണികള്‍ ഹൃദ്‌രോഗം, ക്യാന്‍സര്‍, വൃക്കസംബന്ധമായ രോഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടിനുള്ളില്‍ തന്നെ കഴിയണം. ഇവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കണം.
 • ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംഭിക്കാനോ മറ്റുള്ളവരെ അനുവദിക്കരുത്.
 • ആളുകള്‍ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ടുപോവരുത്.
 • മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പുറത്ത് പോവാതിരിക്കുക.
 • കുട്ടികളുമായുള്ള കുടുംബ സന്ദര്‍ശനം, വിരുന്ന്് തുടങ്ങിയവ ഒഴിവാക്കണം
 • കുട്ടികളുമായി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ക്ക്  എന്തെങ്കിലും അസുഖം ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോവുക.
 • നൂല്‍കെട്ട്, പേരിടല്‍ തുടങ്ങിയ ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണം
 • പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണം നല്‍കുക.
 • കുഞ്ഞുകൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുക.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

24 മണിക്കൂറിനിടെ രാജ്യത്ത് 52,972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 18,03,696 ആണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 771 പേർ മരിച്ചു, ആകെ മരണസംഖ്യ 38,175 ആയി. നിലവിൽ 5,79,357 പേർ രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. 11,86,203 പേർ രോഗമുക്തി നേടി.

ആലുവ ജില്ലാ ആശുപത്രിയിൽ സ്ഥിതി സങ്കീർണം

മോർച്ചറിയിലെ താൽക്കാലിക ജീവനക്കാരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ആശുപത്രിയിലും കോവിഡ് വ്യാപന ഭീതി. ജീവനക്കാരനും ഭാര്യയുമാണ് കോവിഡ് പോസിറ്റീവ് ആയത്. ജില്ലാ ആശുപത്രിയിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ജീവനക്കാരനാണ് ഇദ്ദേഹം. വാഹനാപകടത്തിൽ പെട്ടതും അല്ലാത്തതുമായ കോവിഡ് പോസിറ്റീവ് മൃതദേഹങ്ങൾ ഈയിടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു.

ആലപ്പുഴയിൽ കോവിഡ് മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ള (74)യാണ് മരിച്ചത്. അര്‍ബുദ ചികിത്സക്കിടെ ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതിനിടയിലാണ് ജൂലായ് 17-ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

പി.ചിദംബരത്തിന്റെ മകന് കോവിഡ്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി പി ചിദംബരത്തിന് കോവിഡ്. ചെറിയ ലക്ഷണങ്ങളാണ് തനിക്കുള്ളതെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

കോതമംഗലത്തെ രോഗവ്യാപനം

കോതമംഗലം താലൂക്കിൽ നെല്ലിക്കുഴി, വാരപ്പെട്ടി, കവളങ്ങാട്, പിണ്ടിമന പഞ്ചായത്തുകളിലായി 17 പേർക്കു കൂടി കോവിഡ് പോസിറ്റീവായി. നെല്ലിക്കുഴിയിൽ സ്ഥിതി ആശങ്കാജനകമാണ്. ആദ്യം സ്ഥിരീകരിച്ച കുടുംബത്തിലുളളവരുടെ സമ്പർക്കത്തിലുള്ള 12 പേർക്കാണു വൈറസ് ബാധ. ഇവർ ക്വാറന്റെെനിലായിരുന്നു. ഇവിടെ ഒരു വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തവർക്കും ഇവരുമായി സമ്പർക്കമുള്ളവർക്കുമാണു ബാധിച്ചത്. ഇതോടെ പഞ്ചായത്തിൽ 2, 4, 10, 11, 12, 13, 15 വാർഡുകളിലായി 25 പേർക്കു പോസിറ്റീവായി.

കണ്ണൂരിൽ കോവിഡ് മരണം

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശി യശോധ മരിച്ചു. 59 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എറണാകുളത്ത് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 89 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറത്ത് 85 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 38 പേര്‍ ജില്ലയില്‍ രോഗമുക്തരായി.

കാസർഗോട്ട് 66 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 51 പേര്‍ക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ലഭിച്ചു.

പാലക്കാട് 59 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 17പേർക്കാണ്. ഉറവിടം അറിയാത്ത രോഗബാധ 9 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 67 പേർക്ക് രോഗമുക്തി നേടി.

കോഴിക്കോട്ട് 33 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 26 പേര്‍ രോഗമുക്തി നേടി. ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

വയനാട് ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 720 ആയി. ഇതില്‍ 345 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 374 പേരാണ് ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.