തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരന് കോവിഡ് പോസിറ്റീവ്. എംപി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് എംപി ഫെയ്‌സ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

അതിരൂക്ഷം കോവിഡ് വ്യാപനം

കോവിഡ് രോഗവ്യാപനത്തിൽ കേരളത്തിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കണക്ക് ഏഴായിരം കടന്നു. രണ്ട് ദിവസം ആറായിരത്തിന് മുകളിൽ നിന്ന ശേഷമാണ് പെട്ടന്ന് ഏഴായിരത്തിലേക്ക് കുതിച്ചത്. ഇന്ന് 7006 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് മാത്രം 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 21 കോവിഡ് മരണങ്ങളും 3199 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 1050
മലപ്പുറം – 826
എറണാകുളം – 729
കോഴിക്കോട് – 684
തൃശൂര്‍ – 594
കൊല്ലം – 589
പാലക്കാട് – 547
കണ്ണൂര്‍ – 435
ആലപ്പുഴ – 414
കോട്ടയം – 389
പത്തനംതിട്ട – 329
കാസര്‍ഗോഡ് – 224
ഇടുക്കി – 107
വയനാട് – 89

Also Read: Covid-19 Vaccine Tracker, Sept 26: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

ഇന്ന് 21 കോവിഡ് മരണം; ആകെ 656

21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആകെ 6668 സമ്പര്‍ക്ക രോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 1024
മലപ്പുറം – 797
എറണാകുളം – 702
കോഴിക്കോട് – 669
തൃശൂര്‍ – 587
കൊല്ലം – 571
പാലക്കാട് – 531
കണ്ണൂര്‍ – 381
ആലപ്പുഴ – 404
കോട്ടയം – 382
പത്തനംതിട്ട – 258
കാസര്‍ഗോഡ് – 196
ഇടുക്കി – 81
വയനാട് – 85

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Also Read: കോവിഡ് രോഗികൾ കൂടുതലുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം വീണ്ടും? എന്തുകൊണ്ട്?

3199 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 373
കൊല്ലം – 188
പത്തനംതിട്ട – 149
ആലപ്പുഴ – 335
കോട്ടയം – 163
ഇടുക്കി – 64
എറണാകുളം – 246
തൃശൂര്‍ – 240
പാലക്കാട് – 223
മലപ്പുറം – 486
കോഴിക്കോട് – 414
വയനാട് – 94
കണ്ണൂര്‍ – 147
കാസര്‍ഗോഡ് – 77

പരിശോധനകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,17,040 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,971 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

19 പുതിയ ഹോട്ട്സ്‌പോട്ടുകൾ

19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോവിഡ് വ്യാപനത്തിൽ കേരളം ഒന്നാമത്

രാജ്യത്തെ കോവിഡ് രോഗവ്യാപന നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ സ്ഥാനം നാലാമതാണ്. 3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 10000 കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഈ സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 750000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രോഗവ്യാപന നിരക്കില്‍ ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനനിരക്ക് മൂന്നുശതമാനമാണ്.

ഓണത്തിനുശേഷം രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതോടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തുകൂടിയതും രോഗവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികൾ 59,03,932 ആയി. ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി.

ആദ്യമായി 800 കടന്ന് മലപ്പുറം

രോഗികളുടെ എണ്ണം ആദ്യമായി 800 കടന്നതോടെ മലപ്പുറം ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യം. രണ്ട് ദിവസം തുടര്‍ച്ചയായി എഴുന്നൂറിേലറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ന് ഇന്ന് 826 പോസിറ്റീവ് കേസുകളുണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 756 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണു വൈറസ് പിടിപെട്ടത്. ജില്ലയില്‍, ഉറവിടമറിയാത്തവരുടെ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്ന് രോഗ ഉറവിടം അറിയാത്തവരുടെ എണ്ണം 41 ആണ്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇന്ന് 486 പേര്‍ രോഗമുക്തി നേടി. ഇവര്‍ ഉള്‍പ്പെടെ 14,661 പേരാണ് ഇതുവ െരോഗമുക്തരായത്. 33,076 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

കോഴിക്കോട്ട് 684 പേര്‍ക്കു കൂടി കോവിഡ്

കോഴിക്കോട് ജില്ലയില്‍ 684 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 639 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. വിദേശത്തുനിന്ന് എത്തിയ ഒന്‍പതു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല.

ഇതുവരെ 5229 പേര്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 414 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് 1070 പേര്‍ ഉള്‍പ്പെട 23079 പേരാണു നിരീക്ഷണത്തിലുള്ളത്. ഇന്ന് 6975 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ഇത് ഉള്‍പ്പെടെ 2259 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ സ്ക്വാഡ്

കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കളിസ്ഥലങ്ങള്‍ മാപ്പ് ചെയ്തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പൊലീസ് ,റവന്യൂ പ്രതിനിധികളടങ്ങുന്ന സ്‌ക്വാഡ് സംയുക്ത പരിശോധനയാണ് നടത്തുന്നത്. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങളും ഒപ്പമുണ്ട്.

വയനാട്ടില്‍ 90 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 89 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 90 പേര്‍ക്കു രോഗമുക്തി. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. മറ്റു മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്.

ജില്ലയില്‍ ഇതുവരെ 3043 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 2369 പേര്‍ രോഗമുക്തരായി. 658 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 233 പേര്‍ ഉള്‍പ്പെടെ 3370 പേര്‍ നിരീക്ഷണത്തിലുണ്ട്.

ബാവലിയിലും തോല്‍പ്പെട്ടിയിലും മിനി ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. ശ്രവ സാമ്പിൾ ശേഖരണ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക് പിപി കിറ്റ് ഒഴിവാക്കുന്നതിനുള്ള ഡോഫിങ് ഏരിയ, തുടങ്ങിയ സൗകര്യങ്ങളുള്ളതാണു ഫെസിലിറ്റേഷന്‍ സെന്ററുകള്‍.

കണ്ണൂരില്‍ 148 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ 435 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 9890 ആയി ഉയര്‍ന്നു. ഇവരില്‍ 6086 പേര്‍ രോഗമുക്തി നേടി. ഇന്ന് 148 പേരാണു രോഗമുക്തരായത്. 3283 പേരാണു നിലവില്‍ ചികിത്സയിലുള്ളത്. 14290 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 46 പേരാണു കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്.

കാസര്‍ഗോട്ട് 224 പേര്‍ക്കു കൂടി കോവിഡ്

കാസര്‍ഗോഡ് ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഉള്‍പ്പെടെ 9639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

78 പേര്‍ രോഗമുക്തരായി. ഇവര്‍ ഉള്‍പ്പെടെ 7356 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി. 2205 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1130 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. 78 പേരാണ് ജില്ലയില്‍ കോവിഡ് മരണം.

4359 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 670 പേരെയാണു നിരീക്ഷണത്തിലാക്കിയത്. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1270 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.