കൊച്ചി: യാക്കോബായ -ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം പരിഹരിക്കാനുള്ള അവസാന ശ്രമവുമായി കെയ്റോ ആസ്ഥാനമായുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച് രംഗത്തെത്തി. കഴിഞ്ഞ മാസം സമാധാന ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്മാര് അപ്രേം കരീം രണ്ടാമന് പാര്‍ത്രിയാര്‍ക്കീസ് ബാവയെ കാണാനോ ചര്‍ച്ച നടത്താനോ കേരളത്തിലെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം തയ്യാറാകാതിരുന്നതോടെയാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധതയുമായി രംഗത്തിറങ്ങിയത്.
അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കൗണ്‍സില്‍ അംഗങ്ങളാണ്. ഇതില്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമാണ് ഇന്ത്യയില്‍ സഭയും പള്ളികളുമുള്ളത്. അടുത്തിടെ അര്‍മേനിയന്‍ പാര്‍ത്രിയാര്‍ക്കീസ് ആര്‍ച്ച് ബിഷപ് ആരാം രണ്ടാമന്, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ പോപ് തെയോഡോര്സ് രണ്ടാമന്, സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ മാര്‍ അപ്രേം കരീം രണ്ടാമന് പാര്‍ത്രിയാര്‍ക്കീസ് ബാവ എന്നിവര്‍ കഴിഞ്ഞയാഴ്ച കെയ്റോയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ കെയ്റോയില്‍ വച്ചു സഭാ സമാധാന ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. നവംബറില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ നിന്നുള്ള മൂന്നു വീതം മെത്രാപ്പോലീത്തമാരെ വിളിച്ചു ചര്‍ച്ച നടത്തുമെന്നാണ് സഭാ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇതിനായുള്ള ഇന്‍വിറ്റേഷന്‍ ലെറ്ററുകള്‍ ഉടന്‍ തന്നെ ഇരു സഭാ നേതൃത്വത്തിനും അയക്കുമെന്നും സഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയില്‍ അംഗമായതിനാല്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിട്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് സഭാ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ നടത്തുമെന്നു പറയുന്ന സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം സൂനഹദോസു കൂടി തീരുമാനിക്കുമെന്നുമാണ് ഓര്‍ത്തഡോക്സ് സഭ പിആര്‍ഒ പ്രൊഫസര്‍ പി.സി.ഏലിയാസിന്റെ വിശദീകരണം. എന്നാല്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം തീരുമാനിച്ചാല്‍ അവര്‍ ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മയായ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കൗണ്‍സിലില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്ന് യാക്കോബായ സഭാ മുന്‍ മുഖ്യവക്താവും ക്വസ്റ്റ് ഫോര്‍ പീസ് അന്തര്‍ദേശീയ സഭാ സമാധാന സമിതി ജനറല്‍ കണ്‍വീനറുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവയുടെ തലവന്മാര് ഓറിയന്ററല്‍ ഓര്‍ത്തഡോക്സ് സഭാ കൂട്ടായ്മയില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ നേതൃത്വത്തില്‍ നടത്തുന്ന സഭാ സമാധാന ചര്‍ച്ചയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം തയാറാകില്ലെന്നാണു വിശ്വാസം, ഫാദര്‍ കല്ലാപ്പാറ പറയുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ നടത്താന്‍ ലക്ഷ്യമിടുന്ന ചര്‍ച്ച സഭാ തര്‍ക്കം പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യാക്കോബായ അല്മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് പറയുന്നു.
തര്‍ക്കം രൂക്ഷമായ യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ക്കിടയില്‍ സമാധാനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്രകാരം മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവനായ പാര്‍ത്രിയാര്‍ക്കീസ് ബാവ കഴിഞ്ഞ മാസം കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ത്രിയാര്‍ക്കീസ് ബാവ നല്കിയ കത്തിനോട് ഓര്‍ത്തഡോക്സ് വിഭാഗം അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ കൂടിക്കാഴ്ച നടന്നില്ല. സഭാ തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പാര്‍ത്രിയാര്‍ക്കീസ് ബാവ അടുത്തമാസം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.