കണ്ണൂര്‍: ട്വിറ്ററില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തരവ്. പയ്യന്നൂരില്‍ വധിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്‍റെ തലയറുത്ത ശേഷം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന തലകെട്ടോടെയാണ് കുമ്മനം വീഡിയോ ട്വീറ്റ് ചെയ്തിരുന്നത്.

പതിമൂന്നാം തീയ്യതി ഉച്ചയ്ക്ക് 12:08 ഓടെ കുമ്മനം ട്വീറ്റ് ചെയ്ത വീഡിയോയില്‍ #JungleRajinKerala എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. എഴുന്നൂറിലേറെ പേര്‍ റീട്വീറ്റ് ചെയ്തിട്ടുള്ള ഈ ട്വീറ്റ് അനധിപേര്‍ ലൈക് ചെയ്തിട്ടുമുണ്ട്. ബിജുവിന്‍റെ കൊലപാതകവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമില്ല എന്നും മറ്റേതോ ചടങ്ങിന്‍റെ ഭാഗമായി പോവുന്ന ബാന്‍ഡ് മേളത്തോടുകൂടിയ ആഘോഷപ്രകടനമാണ് അത് എന്നും പലകോണുകളില്‍ നിന്നും മറുപടി ട്വീറ്റുകള്‍ ഉണ്ടായിരുന്നു. വീഡിയോയില്‍ ശബ്ദത്തില്‍ കൃത്രിമത്വമുണ്ട്.

കുമ്മനത്തിന്‍റെ വീഡിയോ പ്രചരണം ‘ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ’ ആണ് എന്ന് പറഞ്ഞു കൊണ്ട് നേരത്തെ നാഷനലിസ്റ്റ് യൂത്ത് കോണ്ഗ്രസ് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. വ്യാജവീഡിയോ പ്രചരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കുമ്മനത്തിന്റെ വ്യാജ വീഡിയോ പ്രചരണം അന്വേഷിക്കണമെന്ന് ഡിജിപി കണ്ണൂര്‍ എസ്പി ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. #JungleRajinKerala എന്ന ഹാഷ്ടാഗില്‍ ദേശീയടിസ്ഥാനത്തില്‍ ബിജെപി ഐടി സെല്‍ നടത്തുന്ന കാമ്പൈനിന്‍റെ ഭാഗമാണ് കുമ്മനം രാജശേഖരന്‍ ട്വീറ്റ് ചെയ്ത വീഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ