തൊടുപുഴ: മഞ്ഞ് പെയ്തിറിങ്ങുന്ന മലനിരകളിൽ സഞ്ചാരികളുടെ പ്രവാഹം. ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് മഞ്ഞ് കാലത്തിനൊപ്പം ക്രിസ്മസ് അവധി കൂടെ എത്തിയതോടെ സഞ്ചാരികളുടെ തിരക്കേറി.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറില്‍ ഏതാനും ദിവസങ്ങളായി കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി നാലുവരെ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളെല്ലാം സഞ്ചാരികള്‍ മുന്‍കൂട്ടി ബുക്കു ചെയ്തിട്ടുണ്ട്. മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്, കുണ്ടള, രാജമല എന്നിവിടങ്ങളിലെല്ലാം സഞ്ചാരകളുടെ നീണ്ട നിരയാണുള്ളത്.
ക്രിസ്മസ്, നവവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മൂന്നാറില്‍ വിനോദസഞ്ചാരികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്ത് രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണത്തില്‍ ക്രമീകരണംഏര്പ്പെടുത്തി. ഡിസംബര്‍ 25 മുതല്‍ ഏർപ്പെടുത്തിയ ക്രമീകരണം ജനുവരി മൂന്നുവരെയാണ്. ഇതു പ്രകാരംരാവിലെ 7.30 മുതല്‍ 10.30 വരെ 1000 ടിക്കറ്റുകളും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാല് മണിവരെ 1000 ടിക്കറ്റുകളുമാണ് വിതരണംചെയ്യുക. ടിക്കറ്റ് വിറ്റുതീരുന്നതാണോ സമയം കഴിയുന്നതാണോ ആദ്യം എന്ന നിലയിലായിരിക്കും ക്രമീകരണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജി ആര് ഗോകുല്‍ അറിയിച്ചു.
മൂന്നാര്‍- ഉദുമല്പേട്ടറോഡിലെ ഗതാഗത നിയന്ത്രണം പോലീസിന്റെ നേതൃത്വത്തിലായിരിക്കും നടത്തുകയെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകളായി മൂന്നാറില്‍ തണുപ്പു തുടരുന്നതാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനിടെ കൂടുതല്‍ സഞ്ചാരികളെത്തുന്ന മാട്ടുപ്പെട്ടിയില്‍ ഹൈഡല്‍ ടൂറിസം വകുപ്പ് അധികൃതര്‍ ഒരു പുതിയ ബോട്ടുകൂടി നീറ്റിലിറക്കി. 40 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിന് ഒരാൾക്ക് 100 രൂപ വീതമാണ് നിരക്ക്. മൂന്നാര്‍ ടൗണിനു സമീപം ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുഷ്പമേളയിലും സഞ്ചാരികളുടെ പ്രവാഹം തുടരുന്നുണ്ട്. നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവന്നതും മൂന്നാറിലേയ്ക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമായ തേക്കടിയിലേക്കും സഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകരുടെ പ്രധാന യാത്രാ പാതയായ കുമിളിയില്‍ സഞ്ചാരികളുടെ തിരക്കേറിയതോടെ ഗതാഗതക്കുരുക്കും വര്‍ധിച്ചിട്ടുണ്ട്. വാഗമണ്‍, പരുന്തുംപാറ എന്നിവിടങ്ങളിലേക്കും വിനോദ സഞ്ചാരികളെത്തുന്നുണ്ട്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി- ചെറുതോണി ഡാമുകള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ജനുവരി പത്തുവരെ പൊതുജനങ്ങള്‍ക്ക് ഡാമുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് പത്തുരൂപയുമാണ് നിരക്ക്. ഡാമുകള്‍ക്കു മുകളിലൂടെ സഞ്ചരിക്കാന്‍ ബഗി കാര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്‍പതു രൂപയാണ് ഇതിനു നിരക്ക് ഈടാക്കുന്നത്. ഡാമിനുള്ളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ടിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാല്‍ ഡാമിലേക്കു മൊബൈലും ക്യാമറയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.